Top
20
Wednesday, September 2017
About UsE-Paper

കൊക്കയാറും കൂട്ടിക്കലിലും ഉരുള്‍പൊട്ടി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
ഉരുള്‍പൊട്ടലില്‍ റോഡില്‍ വെള്ളംകയറിയപ്പോള്‍

 കാഞ്ഞിരപ്പള്ളി > കനത്തമ ഴയില്‍ മലയോര മേഖലയിലെ രണ്ടു സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാടും കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്് മൂപ്പന്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുണ്ടക്കയം ഇളംകാട് റൂട്ടില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പുല്ലയാര്‍ ഇരുകരകളിലുമുള്ള നിരവധിവീടുകളില്‍ വെള്ളംകയറി. ഏഴേക്കര്‍ പാലത്തിന് സമീപം 200 മീറ്റര്‍ റോഡ് തകര്‍ന്നു. 

ബുധനാഴ്ച രാത്രി പത്തോടെയാണ് ഉരുള്‍ പൊട്ടിയത്. പകല്‍ രണ്ട് മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പ്രദേശത്തെ മരങ്ങളെല്ലാം കടപുഴകി. മരം വൈദ്യുതി കമ്പികള്‍ വീണതു മൂലം പ്രദേശത്തെ വൈദ്യുത ബന്ധം പൂര്‍ണമായും താറുമാറായി. മൊബൈല്‍ ഫോണ്‍ബന്ധവും തകരാറിലായി.
അഴങ്ങാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിലാണു രണ്ടു വീടുകള്‍ തകര്‍ന്നത്. വെള്ളൂര്‍ റോയി, തെക്കേവയലില്‍ സാബു എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. മൂപ്പന്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷിനാശമുണ്ടായി. മുണ്ടക്കയം ഏന്തയാര്‍ ഇളംകാട് റോഡിലെ ഒരുഭാഗം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. മണിമലയാര്‍ കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയം കോസ്വേ പാലം വെള്ളത്തിനടിയിലാണ്. ഇതോടെ ഇവിടം പൂര്‍ണമായും ഒറ്റപ്പെട്ടു. കോസ്വേയോടു ചേര്‍ന്നു നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. മുണ്ടക്കയം-എരുമേലി-പമ്പ ദേശീയപാതയില്‍ വെള്ളം കയറിയതിനാല്‍ ഇവിടെ ഗതാഗതവും മുടങ്ങി. 
കൃഷി നശിച്ച പ്രദേശങ്ങള്‍ വ്യാഴാഴ്ച രാവിലെ കൃഷി ഓഫീസര്‍ സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിനു ശേഷമേ നഷ്ടം കൃത്യമായി വിലയിരുത്താനാവൂ. കനത്തമഴ രാത്രിയും തുടരുന്നതിനാല്‍ ഇനിയും ഉരുള്‍പൊട്ടുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഏന്തയാര്‍ പ്രദേശത്തെ അമ്പതോളം കുടുംബങ്ങള്‍ താമസസ്ഥലത്തുനിന്ന് രാത്രിതന്നെ മാറി ബന്ധുവീടുകളില്‍ അഭയം തേടി. ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ പൊലീസും ഫയര്‍ഫോഴ്സും ക്യാമ്പ് ചെയ്യുന്നുണ്ട്. 
ഏന്തയാര്‍ മേപ്പുഴു തോട്ടിലൂടെ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ കരകവിഞ്ഞു കുത്തി ഒഴുകി കൊണ്ടിരിക്കുന്നു . സമീപ പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി. 
ഏന്തയാര്‍ ഈസ്റ്റ് ടൌണില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുവാന്‍ കൂട്ടിയിട്ടിരുന്ന സാധനസാമഗ്രികള്‍ വെള്ളത്തില്‍ ഒലിച്ചു പോയി. വടക്കേമല കനകപുരം ജോസ് മലമ്മാക്കലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. വീട് നിലം പൊത്താറായ നിലയിലാണ്.
വണ്ടിപ്പെരിയാറ്റില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. മലയോരപാതകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കൂട്ടിക്കല്‍ ചാപ്പാത്ത് വെള്ളത്തില്‍ മുങ്ങി. 
കനത്ത മഴയെ തുടര്‍ന്ന് മുറിഞ്ഞുപുഴ, കുട്ടിക്കാനം, പീരുമേട് മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഏലപ്പാറ വാഗമണ്‍ പാതയില്‍ വെള്ളം കരകവിഞ്ഞ് റോഡില്‍ കയറി കെ കെ റോഡ് ഗതാഗതം സ്തംഭിച്ചു. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.