Top
22
Thursday, February 2018
About UsE-Paper

വിദ്യാര്‍ഥികളുടെ ഒത്തൊരുമയില്‍ സ്നേഹവീടൊരുങ്ങി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > ചുട്ടുപൊള്ളുന വെയിലിനെയും കോരിച്ചൊരിയുന്ന മഴയെയും വകവയ്ക്കാതെ വിദ്യാര്‍ഥികള്‍ ഇഷ്ടികയും കല്ലും സിമന്റും ചുമന്ന് പണികഴിപ്പിച്ച സ്നേഹവീട് ഇനി മൂന്നംഗ കുടുംബത്തിന് അഭയകേന്ദ്രം. ബസേലിയസ് കോളേജിലെ താല്‍ക്കാലിക ജീവനക്കാരി സുമ തങ്കച്ചനും കുടുംബവും താമസിക്കുന്നത് ഏതു നിമിഷവും തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണെന്നറിഞ്ഞ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം വാളണ്ടിയര്‍മാര്‍  അധ്യാപകരുടെ സഹകരണത്തോടെ പണികഴിപ്പിച്ച സ്നേഹവീട്ടില്‍ മൂന്നംഗകുടുംബം പുതിയൊരു ജീവിതം തുടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ താക്കോല്‍ദാനം നിര്‍വഹിച്ചു. 

വടവാതൂര്‍ ചെമ്പോല റോഡില്‍ കുന്നിന്‍മുകളിലുള്ള ഒന്നര സെന്റ് സ്ഥലത്താണ് പത്രവിതരണക്കാരനായ പുതുപ്പറമ്പില്‍ തങ്കച്ചനും ഭാര്യ സുമയും മകള്‍ അഞ്ജനയുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വേനലവധിക്കാലത്ത് പഴയ വീട് പൊളിച്ച് അടുക്കളയും ഹാളും ശയനമുറിയുമടങ്ങുന്ന കോണ്‍ക്രീറ്റ് വീടിന്റെ നിര്‍മാണം തുടങ്ങി. നിര്‍മാണ സാമഗ്രികള്‍ ഒറ്റയടിപ്പാതയിലൂടെ നൂറുമീറ്റര്‍ ഉയരത്തില്‍ എത്തിക്കുകയായിരുന്നു വിദ്യാര്‍ഥികളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. തോമസ് കുരുവിളയുടെയും പ്രൊഫ. സാനി മേരി ബഞ്ചമിന്റെയും  നേതൃത്വത്തിലുള്ള 101 അംഗ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കോളേജിലെ മറ്റു വിദ്യാര്‍ഥികളും സഹായത്തിനെത്തി. കോളേജിലെ അധ്യാപക-അനധ്യാപക കൂട്ടായ്മയും പൂര്‍വവിദ്യാര്‍ഥി സംഘടനയും ചേര്‍ന്ന് നിര്‍മാണ സാമഗ്രികള്‍ വാങ്ങി നല്‍കി. തിരുവോണത്തിന് മുമ്പ് ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവുമായി പ്രൊഫ. ഡോ. ജാന്‍സി തോമസ് ഈ ഉദ്യമത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കി. മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. അലക്സാണ്ടര്‍ വി ജോര്‍ജ്, എംജി സര്‍വകലാശാല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സന്തോഷ് തമ്പി, സര്‍വകലാശാല പ്രതിനിധി ജി ശ്രീകുമാര്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, കോളേജ് കൌണ്‍സില്‍ സെക്രട്ടറി പ്രൊഫ. ആരഭി പി എന്നിവര്‍ സംസാരിച്ചു.