21 June Thursday

പാടങ്ങള്‍ പുഞ്ചകൃഷിക്കൊരുങ്ങുന്നു; പമ്പിങ് ലേലം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

 കോട്ടയം > കൂടിയ അളവില്‍ ജില്ലയില്‍ നെല്ലുല്‍പ്പാദിപ്പിക്കുന്ന ഇക്കൊല്ലത്തെ പുഞ്ചകൃഷിക്കുള്ള മുന്നൊരുക്കം തകൃതി. പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ ഓരോ പാടശേഖരത്തും വിത്തിറക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  

 പാടത്തെ വെള്ളംവറ്റിക്കുന്നതിനായുള്ള പമ്പിങ് ലേലം ബുധന്‍, വ്യാഴം ദിവസങ്ങളിലായി പൂര്‍ത്തിയാകും. കോട്ടയം മിനി സിവില്‍സ്റ്റേഷനിലെ പുഞ്ച സ്പെഷ്യല്‍ ഓഫീസില്‍ ബുധനാഴ്ച കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ പാടശേഖരങ്ങളുടെ പമ്പിങ് ലേലം നടന്നു. വ്യാഴാഴ്ച കല്ലറയിലും ലേലം നടക്കും. ഏകദേശം നൂറിലേറെ പാടങ്ങളുടെ പമ്പിങ്ങിന് കരാര്‍നിശ്ചയിച്ചു. പാടശേഖരസമിതികളുടെ നോമിനികളോ സ്വന്തമായി പെട്ടിയുംപറയുമുള്ള കരാറുകാരോ ആണ് ലേലം കൊണ്ടിട്ടുള്ളത്. സര്‍ക്കാരിന്റെ പമ്പിങ് സബ്സിഡി ഏക്കറിന് 1800 രൂപയാണ്. പാടശേഖരങ്ങളുടെ വിസ്തൃതിയനുസരിച്ച് ഈ തുക കൂടുകയോ കുറയുകയോ ചെയ്യാം. ലേലം ഉറപ്പിക്കുന്നതോടെ മോട്ടോര്‍തറ കെട്ടി പെട്ടിയുംപറയും സ്ഥാപിച്ച് അടിയന്തരമായി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണം. ബണ്ടുകള്‍ ബലപ്പെടുത്തി മടവീഴ്ച തടയാനായി ആവശ്യമായിടത്ത് കട്ടയോ ചെളിയോ ഇട്ട് ഉറപ്പിക്കണം. പമ്പിങ് തുടങ്ങിയാല്‍ 24 മണിക്കൂറും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് വെള്ളംവറ്റിക്കുന്നത്. ഇതിനായി ജോലിക്കാരെ നിയോഗിക്കും. വെള്ളം വറ്റിത്തുടങ്ങുന്നതോടെ കളകള്‍പറിച്ച് നിലം വിത്ത് വിതയ്ക്കാന്‍ ഒരുക്കണം. വരമ്പുകള്‍ പിടിക്കുന്നതിനൊപ്പം വെള്ളം ഒഴുകാന്‍ ചാലുകളും തെളിക്കണം. ഈ സമയത്ത് കാര്‍ഷികമേഖലയില്‍ തൊഴിലവസരങ്ങളും വര്‍ധിക്കും. കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ക്കും പണി കിട്ടും. 
   തുലാം ഒന്നിന് (ഒക്ടോബര്‍ 17) മുമ്പായി വിത്ത് വിതയ്ക്കാനുള്ള ക്രമീകരണങ്ങളാണ് കര്‍ഷകര്‍ കൂട്ടായി തീരുമാനിച്ചിട്ടുള്ളത്. പരമാവധി 120 ദിവസംകൊണ്ട് കൊയ്തെടുക്കാവുന്നതും മികച്ച വിളവ് കിട്ടുന്നതുമായ വിത്ത് ഉപയോഗിക്കും. ഈ സീസണില്‍ നെല്ല് വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ കര്‍ഷകര്‍ ആഹ്ളാദത്തിലാണ്. ക്വിന്റലിന് 2380 രൂപ നിരക്കില്‍ സപ്ളൈക്കോ നെല്ല് സംഭരിക്കും. നേരത്തെ 2250 രൂപയായിരുന്നു വില. നെല്ല് നല്‍കിയാലുടന്‍ സ്വന്തം അക്കൌണ്ടില്‍നിന്ന് വില കിട്ടുന്ന തരത്തില്‍ ബാങ്കുകളുമായി ഇതിനകം സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഫെഡറല്‍ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് എന്നീ ബാങ്കുകളുമായാണ് ധാരണ. നെല്ല് വില കിട്ടാന്‍ കര്‍ഷകര്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഇതിലുള്ള മുഖ്യനേട്ടം.  ഇതേസമയം കര്‍ഷകരുടെ രജിസ്ട്രേഷനും സപ്ളൈക്കോ ആരംഭിച്ചിട്ടുണ്ട്. ആഗസ്്ത് ഒന്നുമുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ 20 ന് അവസാനിക്കും. കാല്‍ലക്ഷത്തോളം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top