18 June Monday

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണം: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
 
കോട്ടയം
ജോസ് കെ മാണി എംപി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച സാഹചര്യത്തിൽ  കോട്ടയം ലോകസഭാ മണ്ഡലത്തിൽ  ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജോസ് കെ മാണി അടക്കം മൂന്നുപേർ മാത്രമാണ് പത്രിക നൽകിയത്. നിലവിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും കോട്ടയം മണ്ഡലം അനാഥമാവുകയും ചെയ്യും. ഒരുവർഷത്തോളം കോട്ടയം മണ്ഡലത്തിന് പ്രതിനിധി ഇല്ലാതെ വരുന്നത് ഇവിടുത്തെ ജനങ്ങളെ, പ്രത്യേകിച്ചും കേരളത്തെ പൊതുവിലും ബാധിക്കും. എംപി ഫണ്ടുപയോഗിച്ചുള്ള ഒരു വർഷത്തെ വികസന പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കും. അതിവേഗം വളരുന്ന കാർഷിക ഗ്രാമീണ മേഖലകൾ ഉൾപ്പെടുന്നതാണ് കോട്ടയം. റബർ, നെല്ല്, കുരുമുളക്  അടക്കമുള്ള കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായ മേഖലയ്ക്കും പ്രതിനിധി ഇല്ലാത്ത സാഹചര്യം ദോഷകരമാകുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.
ആസ്തിവികസന ഫണ്ടിൽ ഏഴ് കോടിയോളം രൂപ മണ്ഡലത്തിന് നഷ്ടമാകും. റെയിൽവെ‐റോഡ് വികസനം, കാർഷിക‐വ്യവസായ മേഖല എന്നിവയുടെയെല്ലാം പിന്നോട്ടുപോക്കിന് നിലവിലെ സാഹചര്യം വഴിവെക്കും. ഇത് ജനങ്ങളോടും വോട്ടർമാരോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണ്. അത് ഒഴിവാക്കാൻ ഉടനെ തന്നെ കമീഷൻ ഉപതെരഞ്ഞെടുപ്പിനുള്ള നടപടി സ്വീകരിക്കണമെന്നും വി എൻ വാസവൻ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top