22 June Friday

മാറാതെ മഴക്കെടുതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

വേളൂർ സെന്റ്‌ ജോസഫ്‌ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ

 
കോട്ടയം 
കാലവർഷക്കെടുതികൾക്ക്‌ ജില്ലയിൽ അയവില്ല. കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയില്ല. പടിഞ്ഞാറൻ മേഖലയിൽ വീടുകളിൽ കഴിഞ്ഞ ദിവസവും വെള്ളം കയറിയിരുന്നു. പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുതുപ്പള്ളി‐മണർകാട്, അറുമാനൂർ റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം‐ കുമരകം റോഡിലും ആലപ്പുഴ ‐ ചങ്ങനാശേരി റോഡിലും ചിലയിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. കോട്ടയം നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. നഗരത്തിൽ സിഎൻഐ‐കൊച്ചാന റോഡ്, മധുരഞ്ചേരി‐ഇറഞ്ഞാൽ റോഡ്, പഴയസെമിനാരി റോഡ‌് എന്നിവിടങ്ങൾ വെള്ളത്തിലാണ്. ജില്ലയുടെ മലയോര മേഖലകളിൽ ഇടവിട്ട് മഴപെയ്തത് വെള്ളത്തിന്റെ വരവ് കുറച്ചിട്ടുണ്ട്. 
കഴിഞ്ഞ ദിവസം 15 ദുരിതാശ്വസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്. 94 കുടുംബങ്ങളിൽ നിന്നായി 207 അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൈപ്പുഴ, വിജയപുരം, അയർകുന്നം, ഏറ്റുമാനൂർ, മണർകാട്,  പെരുമ്പാഴിക്കാട്, കോട്ടയം, വിജയപുരം, വേളൂർ, സംക്രാന്തി, ആർപ്പൂക്കര, തിരുവാർപ്പ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. മുട്ടമ്പലം കളപ്പുരയ്ക്കൽ ടി എൽ ജോർജിന്റെ വീട് തേക്ക് കട പുഴകി ഭാഗികമായി തകർന്നു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃക്കൊടിത്താനത്ത് ഒരു വീട് ഭാഗീകമായി തകർന്നു. സിഎംഎസ് കോളേജിൽ ചൂളമരം കടപുഴകി വീണു.  ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം നഗരസഭയിലേയും ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, മണർകാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലേയും ഹയർ സെക്കൻഡറി വരെയുളള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വ്യാഴാഴ‌്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
 
പ്രധാന വാർത്തകൾ
Top