19 September Wednesday
പുതുവഴി തേടി ലഹരിമാഫിയ

വിദ്യാർഥികളെ 'വീഴ്ത്താൻ' ഐ ലൈനർ സിഗരറ്റും ചുരുട്ടു പുകയിലയും

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

 കോട്ടയം

മയക്കുമരുന്നിനെതിരായ പ്രതിരോധം എക്സൈസ് വകുപ്പ് ശക്തമാക്കിയതിന‌് പിന്നാലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. വീര്യംകൂടിയ ഐ ലൈനർ സിഗരറ്റും ചുരുട്ടു പുകയിലയുമാണ് പുതിയ ഇനങ്ങൾ. ജില്ലയിൽ വിവിധ സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ ഇവ എക്സൈസ് സംഘം പിടിച്ചെടുത്തു.   
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹുക്കവലിക്കാൻ ഉപയോഗിക്കുന്നതാണ് വീര്യം കൂടിയ ചുരുട്ടുപുകയില. ഓണത്തിന‌് മുന്നോടിയായി ജില്ലയിലെമ്പാടും എക്സൈസ് സംഘം പ്രത്യേക പരിശോധനകൾ നടത്തുന്നതിനിടയിലാണ് ഇവ പിടിച്ചെടുത്തത്. ആഗസ്ത് ഒന്നിനാണ് എക്സൈസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. 
'ഐ ലൈനർ' എന്ന സിഗരറ്റ് മലേഷ്യൻ നിർമിതമാണ്. സ്ത്രീകളുടെ ഐ ലൈനർ പോലെ തോന്നിക്കുന്നതിനാലാണ് ഈ പേര്. കവറിനുള്ളിലാണ് സിഗരറ്റ്. മലേഷ്യയിൽനിന്ന‌് ഡൽഹിയിൽ എത്തിച്ച് എംആർപി രേഖപ്പെടുത്തിയാണ് ഇവ കേരളത്തിൽ എത്തിക്കുന്നത്. വീര്യംകൂടിയ നിക്കോട്ടിനും സുഗന്ധ വ്യഞ്ജനങ്ങളുടെ സത്തും ഇതിലുണ്ട്. ഹുക്കയിൽ  ഉപയോഗിക്കുന്ന വീര്യംകൂടിയ പുകയില പൊടിച്ചശേഷം ചുരുട്ടി, ബോൾ ആകൃതിയിലാക്കിയാണ് കേരളത്തിൽ എത്തിക്കുക.
ജില്ലയിൽ പത്ത‌് ദിവസത്തിനിടെ 36 കേസുകളാണ് അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.  34 പേർ അറസ്റ്റിലായി. കഞ്ചാവ് കടത്തും വില്പനയുമായി ബന്ധപ്പെട്ട് 29 കേസുകളെടുത്തു. 37 പേരെ അറസ്റ്റ് ചെയ്തു.  200 കിലോയിലേറെ നിരോധിത പുകയില ഉല്പന്നങ്ങൾ  പിടിച്ചെടുത്തു. വിവിധ കേസുകളിലായി അൻപതിനായിരം രൂപ പിഴ ഈടാക്കി. 'ഓണവിപണി' ലക്ഷ്യമിട്ട് അയൽ സംസ്ഥാനങ്ങളിൽനിന്ന‌് മദ്യക്കടത്ത് തടയാൻ എക്സൈസ് ഇന്റലിജൻസ് വിഭാഗം ശക്തമായ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
Top