20 June Wednesday

വെട്ടാൻ കാത്തുനിന്നില്ല; ആൽമുത്തശ്ശി വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 കോട്ടയം

നാടിന‌് തണലായി ഒരു നൂറ്റാണ്ടിലേറെ നിന്ന ആൽമരം കടപുഴകി‌. കുമാരനല്ലൂരിലെ രണ്ടോ മൂന്നോ തലമുറകളെ കണ്ട‌് കൊച്ചാലും ചുവട് ജങ‌്ഷനിൽ നിന്നിരുന്ന ആൽമരമാണ‌് തിങ്കളാഴ‌്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും നിലംപൊത്തിയത‌്. അപകടാവസ്ഥയിലായ ആൽ മുറിച്ചുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. അതിന‌് കാത്തുനിൽക്കാതെ, ആർക്കും അപകടമില്ലാത്ത രീതിയിൽ പുലർച്ചെ മരം നിലംപൊത്തി. “ജനകീയ ആലു’മായി സുദീർഘ പരിചയമുള്ള മുതിർന്ന തലമുറക്കാർക്കും ആലിൻചുവട്ടിൽ നേരംപോക്കിയ പുതുതലമുറയ‌്ക്കും വിയോഗം ഉള്ളിലെവിടെയോ നേരിയ നൊമ്പരമായി.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ തെക്കേ നടയ‌്ക്കലുള്ള ആലിന‌്  100 മുതൽ 150 വർഷം വരെ പഴക്കമുണ്ടാകുമെന്നാണ‌് കരുതുന്നത‌്. പണ്ട‌് നാട്ടിലെ സുപ്രധാന ചർച്ചകൾ നടന്നത‌് ഇതിന്റെ ചുവട്ടിലായിരുന്നു. നാട്ടിലെ എത്രയോ കൂട്ടായ‌്മകൾക്ക‌് സാക്ഷിയായി. കൊച്ചാൽ എന്ന പേര‌് എങ്ങിനെ വന്നെന്ന കാര്യത്തിൽ പല അഭിപ്രായമുണ്ട‌്. പണ്ടൊക്കെ ഒരാൽ പോയാൽ അവിടെ തന്നെ പുതിയ ആൽ വച്ചുപിടിപ്പിക്കുമായിരുന്നു‌. പുതിയ ആലിനെ കൊച്ചാൽ എന്നു വിളിക്കും. അങ്ങിനെയാവാം കുമാരനല്ലൂരിൽ ഈ കൊച്ചാൽ പിറവിയെടുത്തത‌്. പേരിൽ കൊച്ച‌്  ഉണ്ടെങ്കിലും  പ്രായാധിക്യം മൂലം “വയ്യാതായിരുന്നു’. ക്ഷേത്രത്തിന്റെ തെക്കേ നട കൊച്ചാലിൻചുവടാണെങ്കിൽ പടിഞ്ഞാറേ നട വലിയാലിൻചുവടാണ‌്. ആൽ മരം ഇവിടെ സ്ഥലത്തിന്റെ പ്രതീകം തന്നെയായി മാറി. ക്ഷേത്രവുമായി ചേർന്നാണെങ്കിലും പ്രത്യേകിച്ച‌് മതത്തിന്റെയോ ജാതിയുടെയോ വേർതിരിവുകൾ ആലിൻചുവട്ടിലെ സംഘങ്ങൾക്ക‌് ഉണ്ടായിട്ടില്ലെന്ന‌് മുതിർന്നവർ പറയുന്നു. കാലം പലതുകടന്നിട്ടും  തറകെട്ടാതിരുന്നിട്ടും ഇതിനടിയിൽ ഇപ്പോഴും ഒത്തുചേർന്നിരുന്നവരുണ്ട‌്.
സ്വർണവൃക്ഷമായാലും പുരയുടെ മുകളിൽ ചാഞ്ഞാൽ വെട്ടണമെന്ന അലിഖിത നിയമമുള്ളതിനാൽ ആൾക്കാർ ആൽമുത്തശ്ശിക്കെതിരായി. നഗരസഭയ‌്ക്കും മറ്റും മരം വെട്ടാൻ നിവേദനം നൽകിയിരുന്നു. ഇതിനുള്ള നടപടി പുരോഗമിക്കവെ തിങ്കളാഴ‌്ച ജില്ലയെ കുലുക്കിയ കാറ്റിലും മഴയിലും കൊച്ചാൽമരം മണ്ണിലേക്ക‌് വീണു. മരം അന്നുതന്നെ മുറിച്ചുനീക്കി.
പ്രധാന വാർത്തകൾ
Top