18 August Saturday

മഴ,കാറ്റ്‌: ദുരിതമൊഴിയുന്നില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 കോട്ടയം

ജില്ലയിൽ ചിലയിടങ്ങളിൽ മഴയ്ക്ക് അൽപം ശമനമുണ്ടായെങ്കിലും ദുരിതമൊഴിയുന്നില്ല. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതാണ് കാരണം. പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. കോട്ടയം നഗരസഭയിലെ താഴ്ന്നയിടങ്ങളിലും അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, കുമരകം, തിരുവാർപ്പ്, വിജയപുരം, മണർകാട് പഞ്ചായത്തുകളിലെയും ജനങ്ങൾ ദുരിതത്തിലാണ്. കിഴക്കുനിന്നുള്ള മലവെള്ളത്തിന്റെ വരവാണ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെ കെടുതിയിലാക്കിയത്. മലയോരമേഖലയിൽ ചൊവ്വാഴ്ചയും ഭേദപ്പെട്ട മഴ ലഭിച്ചു.
ദുരിതബാധിതർക്കായി കോട്ടയം താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  89 പേരാണ് ക്യാമ്പുകളിൽ. കൈപ്പുഴ എസ്കെവി എൽപിഎസ്, പുന്നത്തുറ സെന്റ് ജോസഫ്സ് എച്ച്എസ്, അയർക്കുന്നം ജിഎൽപിഎസ്, മണർകാട് ജിയുപിഎസ്, പാറമ്പുഴ പിഎച്ച് സെന്റർ, ഏറ്റുമാനൂർ മാടപ്പാട്ട് ശിശുവിഹാർ, മണർകാട് സാംസ്കാരികനിലയം, പെരുമ്പായിക്കാട് സെന്റ്  ജോർജ് ചർച്ച് ഹാൾ എന്നിവിടങളിലാണ് ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിൽ ഉൾപ്പെട്ട ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്  പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കും.   
മീനച്ചിൽ താലൂക്കിൽ അഞ്ചുവീടുകൾ തകർന്നു. ഇതോടെ ജില്ലയിൽ തകർന്ന വീടുകളുടെ എണ്ണം 159 ആയി. ഇതുവരെ വീടുകൾ തകർന്ന് 21,88,600 രൂപയുടെ നഷ്ടം നേരിട്ടു. കൃഷിനാശവും വ്യാപകമാണ്.  മീനച്ചിലാർ കരകവിഞ്ഞ് ഇല്ലിക്കൽ‐ തിരുവാർപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പാറപ്പാടം ക്ഷേത്രപരിസരവും വെള്ളക്കെട്ടിലായി. കോട്ടയം‐ കുമരകം റോഡിന്റെയും ആലപ്പുഴ‐ ചങ്ങനാശേരി റോഡിന്റെയും വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശമായ തിരുവാർപ്പ് പഞ്ചായത്തിലെ പല റോഡുകളും വെള്ളത്തിലായി. കാഞ്ഞിരത്തും മാണിക്കുന്നത്തുമെല്ലാം സ്ഥിതി രൂക്ഷമാണ്. കോട്ടയം നഗരത്തിൽ സിഎൻഐ‐ കൊച്ചാന റോഡിന് സമീപത്തെ വീടുകളിലും വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്ക് മാറി. മധുരഞ്ചേരി‐ ഇറഞ്ഞാൽ റോഡിലും വെള്ളം കയറി. കൊശമറ്റത്ത് പൈപ്പ്ലൈൻ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
മാണിക്കുന്നത്ത‌് പത്തോളം വീടുകൾ ചൊവ്വാഴ‌്ച പുലർച്ചെ മരം വീണ‌് തകർന്നു. വൻ ആഞ്ഞിലി കടപുഴകി വീണ‌് രണ്ട‌് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു.  വൈദ്യുതിവിതരണവും താറുമാറായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top