Top
23
Tuesday, January 2018
About UsE-Paper
ഉപതെരഞ്ഞെടുപ്പ്

വാകത്താനത്ത് വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ്

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌
വാകത്താനത്തുനടത്തിയ ആഹ്ളാദപ്രകടനത്തില്‍ അരുണിമ പ്രദീപിന് കൈകൊടുക്കുന്ന വഴിയാത്രക്കാരി

 വാകത്താനം > വാകത്താനം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അരുണിമ പ്രദീപ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 273 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വാര്‍ഡില്‍ എല്‍ഡിഎഫിന് 121 വോട്ട് വര്‍ധിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ടി കെ ചെല്ലപ്പന് 398 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സജി തോമസിന് 34 വോട്ടും ലഭിച്ചു. അരുണിമയ്ക്ക് 671 വോട്ട് ലഭിച്ചു. വാകത്താനം പഞ്ചായത്ത് ഓഫീസിലാണ് വെള്ളിയാഴ്ച രാവിലെ പത്തിന് വോട്ടെണ്ണല്‍ നടന്നത്. എല്‍ഡിഎഫ് പഞ്ചായത്ത് അംഗം പി ജി ഗോപിദാസ് പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചതിനെത്തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്.

 

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് 194 വോട്ട് ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസുമായുള്ള ധാരണയുടെ പുറത്തായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. ബിഡിജെഎസ്-കോണ്‍ഗ്രസ് ധാരണ ഉണ്ടായിട്ടും എല്‍ഡിഎഫിന്റെ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. 

ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരെ എല്‍ഡിഎഫ് ഞാലിയാകുഴിയില്‍ യോഗം ചേര്‍ന്ന് അനുമോദിച്ചു. അനുമോദനയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എം രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കല്‍ സെക്രട്ടറി സാബു മരങ്ങാട് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ്, തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് തോമസ് കോര കുളത്തില്‍, സെക്രട്ടറി ബൈജു പീതാംബരന്‍, മണി പരിയാരം, എല്‍ഡിഎഫ്  ബൂത്ത് സെക്രട്ടറിമാരായ ടി ഇ റജിമോന്‍, ബിനോയി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. അഞ്ചാം വാര്‍ഡില്‍ പര്യടനം നടത്തി അരുണിമ വോട്ടര്‍മാരോട് നന്ദി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കഴിഞ്ഞ മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയമാണ് ഉണ്ടായത്. പാമ്പാടി പഞ്ചായത്തിലെ യുഡിഎഫിന്റെ കുത്തക ആയിരുന്ന  19-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി  റൂബി തോമസ് 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചു. പാമ്പാടിയിലെ പതിനെട്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെ എസ് മധുകുമാര്‍ നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് ഭൂരിപക്ഷം ഇരട്ടിയിലധികമാക്കിയാണ് വിജയിച്ചത്. യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും എതിരെയുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണ് എല്‍ഡിഎഫിന്റെ ഉജ്വല വിജയം. വാകത്താനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഐ വാകത്താനം മണ്ഡലം വൈസ് പ്രസിഡന്റ് മണി പരിയാരത്തിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

 

 

Related News

കൂടുതൽ വാർത്തകൾ »