20 July Friday

കൈപ്പത്തിയില്ലെങ്കിലും അനന്ദു അജയ്യന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

ഒരു കൈപ്പത്തിയില്ലാതെ ലോങ്ജമ്പില്‍ മത്സരിക്കുന്ന അനന്ദുകൃഷ്ണന്‍

 മരങ്ങാട്ടുപിള്ളി > വിധിയുടെ നിശ്ചയത്തില്‍ ഒരുകൈപ്പത്തിയില്ലാതെ പിറന്ന അനന്ദുകൃഷ്ണന്‍ തന്റെ വൈകല്യങ്ങളെ വകവയക്കാതെ പോരാടുന്നവിസ്മയകാഴ്ചയാണ് ജില്ലാകായികോത്സവത്തിന്റെ ആദ്യദിനം മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യസ്റ്റേഡിയം ദര്‍ശിച്ചത്. മകന്‍ വലിയൊരു കായികതാരമാവണമെന്നായിരുന്നു ദേശീയ പോള്‍വാള്‍ട്ട് താരം കൂടിയായ അച്ഛന്‍ എ എ ബിജുവിന്റെ ആഗ്രഹം. അച്ഛനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒമ്പത് വയസ്സ് മുതല്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുകയാണ് അനന്ദുകൃഷ്ണന്‍. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് മരത്തില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ അച്ഛന്‍ ബിജുവിന്റെ ജീവനും വിധിതട്ടിയെടുത്ത് വീണ്ടും ക്രൂരതകാട്ടി. ഇതിനുശേഷം അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായുള്ള കഠിനപ്രയത്നത്തിലായിരുന്നു അനന്ദു എന്ന പന്ത്രണ്ടാം ക്ളാസുകാരന്‍. 

കൈപ്പത്തിയുടെ കുറവ് തന്റെ കായികാഭ്യാസത്തിന് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ലെന്ന് അനന്ദു പറയുന്നു. റവന്യൂ ജില്ലാ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്നാമതെത്തിയത് അനന്ദുവിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ്. ലോങ് ജംപ് മത്സരത്തില്‍ പങ്കെടുത്തെങ്കിലും ഫൈനലിലെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അഞ്ചാം സ്ഥാനമാണെങ്കില്‍ത്തന്നെ അനന്ദുവിന്റെ നേട്ടത്തിന് തിളക്കമേറെയാണ്. ഏന്തയാര്‍ ജെ ജെ മര്‍ഫി മെമ്മോറിയല്‍ എച്ച്എസ്എസില്‍ പ്ളസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ് അനന്ദു. കുവൈത്തില്‍ നേഴ്സായ അമ്മ ബിന്ദുവാണ് അനന്ദുവിന് കായികരംഗത്ത് ഇപ്പോള്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നത്. വല്യച്ഛന്റെയും വല്യമ്മയുടെയും സംരക്ഷണയിലാണ് അനന്ദു ഇപ്പോള്‍ കഴിയുന്നത്.
 
 
പ്രധാന വാർത്തകൾ
Top