25 September Tuesday
വ്യാപകനാശം

മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡ് വെള്ളത്തിലായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

മീനച്ചിലാർ കരകവിഞ്ഞ് കടപ്പാട്ടൂർ പാലത്തോടു ചേർന്നുള്ള കെട്ടിടത്തിന്റെ അടിനിലയിൽ വെള്ളം കയറിയനിലയിൽ

 പാലാ

കാലവർഷത്തിൽ മീനച്ചിലാർ കരകവിഞ്ഞു. ആറ്റിലെ ജലനിരപ്പ് ഉയർന്ന് ഏറ്റുമാനൂർ‐പൂഞ്ഞാർ സംസ്ഥാനപാതയിൽ പാലാ‐ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വെള്ളം കയറി. ആറും കൈവഴികളും പലയിടങ്ങളിലും കരകവിയാറായതോടെ തീരങ്ങളോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കിടങ്ങൂർ പിറയാർ ഭാഗത്ത് ആറ് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. ആവശ്യമെങ്കിൽ ഇവരെ മാറ്റി പാർപ്പിക്കാൻ പിറയാർ സർക്കാർ എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കാൻ ക്രമീകരണങ്ങളായി. കടപ്പാട്ടൂർ ഭാഗത്ത് ആറ് കരകവിഞ്ഞ് തീരത്തെ കെട്ടിടങ്ങളുടെ അടിനിലയിലെ പാർക്കിങ് ഏരിയയിലും വെള്ളം കയറിയിട്ടുണ്ട്. മീനച്ചിൽ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ്രടോൾ റൂം തുറന്നു.
മൂന്നാനിയിൽ തിങ്കളാഴ്ച വൈകിട്ട് ആറോടെ റോഡിൽ വെള്ളം കയറിയതോടെ ചെറുവാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. 
മീനച്ചിലാറിന്റെ പ്രധാന കൈവഴികളായ ളാലംതോട്, പച്ചാത്തോട്, വിലങ്ങുപാറത്തോട് എന്നിവയെല്ലാം കവിയാറായ നിലയിലാണ്. ളാലം തോട് കരകവിഞ്ഞ് കരൂർ ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. 
പാലാ‐പൊൻകുന്നം റോഡിൽ കടയംഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. പുലിയന്നൂരിലും താഴ്ന്ന  പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിലേക്ക് രാത്രികാല യാത്രയ‌്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയതായി പാലാ ആർഡിഒ അനിൽ ഉമ്മൻ അറിയിച്ചു. വൈകിട്ട് ഏഴുമുതൽ രാവിലെ ഏഴുവരെയാണ് നിയന്ത്രണം. പാലാ സിവിൽ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കട്രോൾറൂം തുറന്നു. ഫോൺ: 04822 212325.
 
പ്രധാന വാർത്തകൾ
Top