19 January Saturday
അക്ഷരമുറ്റം ക്വിസ‌് മെഗാ ഫൈനൽ

ഇന്ന‌് അറിവുത്സവം; ബേക്കർ സ‌്കൂൾ ക്യാമ്പസ്‌ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

അക്ഷരമുറ്റം ക്വിസ‌് മെഗാ ഫൈനൽ മത്സരത്തിനോടനുബന്ധിച്ച‌് വേദികളുടെ കവാടത്തിന‌് സമീപം കാർട്ടൂൺ ശില്പം സ്ഥാപിക്കുന്നു

 കോട്ടയം

ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മെഗാ ഫൈനലിന‌് രണ്ടാമതും കോട്ടയം ഒരുങ്ങി. ബേക്കർ മെമ്മോറിയൽ സ‌്കൂൾ ക്യാമ്പസിൽ ശനിയാഴ‌്ച നടക്കുന്ന മത്സരത്തിലൂടെ കേരളത്തിന്റെ പുതിയ ക്വിസ‌് പ്രതിഭകളെ കണ്ടെത്തും. കൈനിറയെ സമ്മാനങ്ങളും മനംനിറയെ അറിവും ഹൃദയം നിറയെ ഓർമകളും നൽകുന്ന മത്സരം എല്ലാ മത്സരാർഥികൾക്കും പുത്തൻ അനുഭവമാകും സമ്മാനിക്കുക. 14 ജില്ലകളിൽനിന്ന‌് സ‌്കൂൾ, സബ‌്ജില്ലാ, ജില്ലാ തലങ്ങളിൽ മത്സരിച്ച‌് ജയിച്ചവരാണ‌് അവസാനതലത്തിൽ ശനിയാഴ‌്ച മാറ്റുരയ‌്ക്കുന്നത‌്. പ്രതിഭകളുടെ വാശിയേറിയ പോരാട്ടത്തിന‌് ബേക്കർ സ‌്കൂൾ ക്യാമ്പസ‌് സജ്ജമായിക്കഴിഞ്ഞു. മത്സരാർഥികൾ എത്തിത്തുടങ്ങി –- ഇനി പോരാട്ടം.   
    എൽപി, യുപി, ഹൈസ‌്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഓരോന്നിലും രണ്ടു ടീം വീതം ഒരു ജില്ലയിൽ നിന്ന‌് പങ്കെടുക്കും. ആകെ 224 പേർ. പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോയൊണ‌് ക്വിസ‌് മാസ‌്റ്റർമാർ ചോദ്യം ചോദിക്കുക. കുട്ടികളിലെ അത്ഭുതാവഹമായ പ്രതിഭകളുടെ മിന്നലാട്ടങ്ങൾ കണ്ട ജില്ലാതല മത്സരത്തിൽനിന്ന‌് വിജയിച്ചെത്തുന്ന കുട്ടികൾ തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാകുമെന്ന കാര്യത്തിൽ സംഘാടകർക്കും സംശയമില്ല.  
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാർഥി പ്രശ‌്നോത്തരിയെന്ന‌് പേരുകേട്ട അക്ഷരമുറ്റത്തിന്റെ എട്ടാം പതിപ്പാണ‌് അവസാനഘട്ടമായ സംസ്ഥാനതല മത്സരത്തിലേക്ക‌് കടക്കുന്നത‌്. ഈ സീസണിൽ പങ്കെടുത്തത‌് 45 ലക്ഷത്തിലധികം വിദ്യാർഥികളാണ‌്. ആനുകാലിക സംഭവങ്ങൾ, പൊതുവിജ്ഞാനം, ദേശാഭിമാനി അക്ഷരമുറ്റം,- കിളിവാതിൽ സപ്ലിമെന്റുകളിൽ വന്ന ലേഖനങ്ങളിലെ വിവരങ്ങൾ എന്നിവ ആസ‌്പദമാക്കിയാണ‌് ചോദ്യങ്ങൾ‌. ബേക്കർ സ‌്കൂളിൽ അക്ഷരമുറ്റത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. ചുവരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചു. കേരളത്തിലെ രുചികളുടെ രാജാവ‌് പഴയിടം മോഹനൻ നമ്പൂതിരിയുടെ സദ്യയാണ‌് ഉച്ചയ‌്ക്ക‌് ഒരുക്കിയിരിക്കുന്നത‌്. മത്സരങ്ങളിൽ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കും. അലങ്കാരപ്പണികൾക്കും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വസ‌്തുക്കളെല്ലാം പ്രകൃതിസൗഹൃദപരമാണ‌്. വിജയികൾക്ക‌് സമ്മാനം നൽകുന്ന മെഗാ ഇവന്റ‌് കോട്ടയത്ത‌് ഫെബ്രുവരി ഒമ്പതിന‌് നടക്കും. ഒഡീസിയയാണ‌് മത്സരത്തിന്റെ മുഖ്യ സ‌്പോൺസർ. ഐസിഎൽ ഫിൻകോർപ്പ‌്, സ്വാദ‌്, ഓക‌്സിജൻ ഡിജിറ്റൽ ഷോപ്പ‌്, ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ഹോസ‌്പിറ്റൽ, റിജു ആൻഡ‌് പിഎസ‌്കെ ക്ലാസസ‌്, ക്രോഡാ ഇറ്റാലിയ, പോപ്പീസ‌് എന്നിവർ സഹ സ‌്പോൺസർമാരാണ‌്. 
 
 
പ്രധാന വാർത്തകൾ
Top