20 November Tuesday

ഹർത്താലിൽ ജില്ല നിശ്‌ചലം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

ഹർത്താലിനോടനുബന്ധിച്ച്‌ എൽഡിഎഫ് നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം

 കോട്ടയം

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണവും സമാധാനപരവുമായിരുന്നു. സ്വകാര്യ ബസുകൾ സർവീസ‌് നടത്തിയില്ല. പൊതുവാഹനങ്ങൾ പണിമുടക്കിയത് ഓഫീസുകളിൽ ഹാജർ കുറയാൻ കാരണമായി. സ്വകാര്യ സ്ഥാപനങ്ങളിലും ഹാജർനില നന്നേ കുറവായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരെ പൊലീസ് വിവിധ സ്ഥലങ്ങളിലിൽ എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകേണ്ട രോഗികളെ സ്വകാര്യ വാഹനങ്ങളിൽ പൊലീസ് എത്തിച്ചു.  ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല. എന്നാൽ ചിലയിടത്ത് തുറന്ന പെട്രോൾ പമ്പുകൾ അടപ്പിക്കാൻ ബന്ദ് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ‌് ശ്രമം നടത്തി. ഭൂരിഭാഗം പമ്പുകളും അടഞ്ഞു കിടന്നു. കെഎസ്ആർടിസി ഡിപ്പോയിൽ 10 ശതമാനമായിരുന്നു ഹാജർനില. കലക്ട്രേറ്റിൽ ആകെയുള്ള 156 പേരിൽ 43 പേർമാത്രമാണ് എത്തിയത്. 
ഓട്ടോ ടാക്സി വാഹനങ്ങൾ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. അത്യാവശ്യ കാര്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ  ഓടി.  നിരവധി കല്യാണങ്ങളുള്ള ദിവസമായിരുന്നതിനാൽ അത്തരം വാഹനങ്ങൾ ഓടുന്നതിന് തടസ്സം ഇല്ലായിരുന്നു. ഹോട്ടലുകളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും അടക്കമുള്ള കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സിമന്റ്സ് അടക്കം പൊതുമേഖലാ സ്ഥാപനങ്ങളിലും ഹാജർനില നന്നേ കുറവായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കനത്ത പൊലീസും നഗരത്തിൽ നിലയുറപ്പിച്ചിരുന്നു. 
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. തിരുനക്കര മോട്ടോർ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി  ടാക്സി സ്റ്റാൻഡിൽ സമാപിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ബി ശശികുമാർ, പി ജെ വർഗീസ്, എം കെ പ്രഭാകരൻ, അഡ്വ. വി ബി ബിനു, രാജീവ് നെല്ലിക്കുന്നേൽ, സാബു മുരിക്കവേലി, പി ജി സുഗുണൻ, ടി വി ബേബി, പി കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല തുടങ്ങിയർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top