11 December Tuesday

മഴ വീണ്ടും ശക്തിപ്പെട്ടു; ജില്ലയിൽ റെഡ‌് അലർട്ട‌്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 കോട്ടയം

മഴ വീണ്ടും ശക്തിപ്പെട്ടതോടെ ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ ജില്ലയിൽ ശനിയാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാത്രി 7.30 മുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ പൊതുജനങ്ങളോട് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. 
മറ്റു ജില്ലകളെ അപേക്ഷിച്ച് കോട്ടയത്ത് മഴ കുറവാണ്. എന്നാൽ, ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറൻ പ്രദേശങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. മീനച്ചിലാറ്റിൽ വെള്ളിയാഴ്ച വൈകിട്ടോടെ ജലനിരപ്പ് നല്ലതോതിൽ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 35 മി. മീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞദിവസം ഇത് 38.2 മി. മീറ്ററായിരുന്നു. വ്യാഴാഴ്ച രാത്രി ജില്ലയിൽ മിക്കയിടത്തും ശക്തമായ മഴ പെയ്തിരുന്നു. വെള്ളിയാഴ്ച പകൽ ഇടവിട്ടും മഴ ലഭിച്ചു. കിഴക്കൻ പ്രദേശങ്ങളിൽ നിന്നും മീനച്ചിലാറ്റിലേക്ക് നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും മണ്ണിടിച്ചിൽ ഉണ്ടായാൽ സ്ഥിതി രൂക്ഷമാവും. ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൺട്രോൾ റൂം അധികൃതർ അറിയിച്ചു. 
രണ്ടാഴ്ച മുമ്പ‌് കിഴക്കൻമേഖലയിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. കൃഷിനാശവും നേരിട്ടു. പ്രളയജലം കുതിച്ചെത്തി മീനച്ചിലാറിന്റെ ഇരുതീരങ്ങളിലും വ്യാപകനാശവും നേരിട്ടു. പടിഞ്ഞാറൻ മേഖല തീർത്തും ഒറ്റപ്പെട്ട അവസ്ഥയുമുണ്ടായി. ഈ സ്ഥിതി ഇനിയും ഉണ്ടാകുമോയെന്ന ആശങ്ക പലർക്കുമുണ്ട്. അയ്മനം, ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്  പഞ്ചായത്തുകളിലെ പലഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിൽ നിന്നും മുക്തമായിട്ടില്ല. മഴ ശക്തമായാൽ ഈ പ്രദേശങ്ങൾ ഇനിയും ഒറ്റപ്പെട്ടേക്കാം. തീക്കോയി, വെള്ളികുളം, തലനാട്, അടിവാരം, മൂന്നിലവ് മേഖലകൾ ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, ഏന്തയാർ പ്രദേശങ്ങളിലും പ്രശ്നസാധ്യതയുണ്ട്. 
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.  മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ എപ്പോഴും ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാറി താമസിക്കണം. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നത് മാതാപിതാക്കൾ തടയണമെന്നും അധികൃതർ നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top