21 August Tuesday

കാലവര്‍ഷക്കെടുതി നേരില്‍ കണ്ട് കേന്ദ്രസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 കോട്ടയം

കാലവർഷക്കെടുതിയിൽ ജില്ലയിലുണ്ടായ നാശനഷ്ടം നേരിൽ കണ്ട് വിലയിരുത്താൻ കേന്ദ്ര ഉദ്യോഗസ്ഥ സംഘം വൈക്കം മേഖലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. നീണ്ടൂർ പഞ്ചായത്തിലെ മുടക്കാലിൽ പാടശേഖരത്തിലെ നെൽകൃഷി നാശമാണ് ആദ്യം കണ്ടത്. നെൽച്ചെടികൾ മുഴുവൻ വെള്ളത്തിൽ മുങ്ങി പൂർണമായും നശിച്ചനിലയിലാണ്. കല്ലറ പഞ്ചായത്തിലെ 75 ഹെക്ടറിൽ കൃഷിനാശമുണ്ടായ കോലത്തുകരി പാടശേഖരവും സംഘം നേരിൽ കണ്ടു. കൃഷിയെ ആശ്രയിച്ചു കഴിയുന്ന കർഷകർക്ക് ഈ നാശനഷ്ങ്ങളിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സി കെ ആശ എംഎൽഎ സംഘത്തിന് വിശദീകരിച്ചു.  മുവാറ്റുപുഴ ആറിന്റെ ഉത്ഭവ സ്ഥാനവും പ്രത്യേകതകളും വൈക്കത്ത‌്  നെൽകൃഷിയെ വെള്ളപ്പൊക്കം ബാധിക്കുന്ന സാഹചര്യങ്ങളും കലക്ടർ വിശദീകരിച്ചു. തലയാഴം പഞ്ചായത്ത് 13﹣ാം വാർഡിൽ മരം വീണ് വീട് തകർന്ന കുളച്ചിറ ഭാസ്‌കരനെയും കുടുംബത്തെയും സംഘം സന്ദർശിച്ചു.  ശക്തമായ കാറ്റിലും മഴയിലും മേൽക്കൂര തകർന്നുവീണ വൈക്കം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ക്ലാസ് മുറികൾ സംഘം സന്ദർശിച്ചു.  സന്ദർശനം നടത്തിയ ദുരിതബാധിത മേഖലയുടെ വിശദാംശങ്ങൾ എഴുതി നൽകണമെന്ന് അനുഗമിച്ച ജില്ലാതല ഉദ്യോഗസ്ഥർക്ക് സംഘം നിർദേശം നൽകി. 
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ വി ധർമറെഡ്ഡി, ധനകാര്യ ജോയിന്റ് ഡയറക്ടർ എസ് സി മീണ, കേന്ദ്ര ജലകമീഷൻ ഡയറക്ടർ ടി തങ്കമണി, ഗ്രാമ വികസന അസി. ഡയറക്ടർ ചാഹത് സിങ്‌ എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. സി കെ ആശ എംഎൽഎ, കലക്ടർ ഡോ. ബി എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ആർഡിഒ അനിൽ ഉമ്മൻ, ഡെപ്യൂട്ടി കലക്ടർ അലക്‌സ് ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ സുഗതൻ, അഡ്വ. കെ കെ രഞ്ജിത് വിവിധ വകുപ്പു മേധാവികൾ എന്നിവർ സംഘത്തോടൊപ്പമുണ്ടായി.
പ്രധാന വാർത്തകൾ
Top