21 September Friday

ഒഴുകാതെ മണിമല മീനച്ചിലാറുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

 
വാഴൂർ/ ഈരാറ്റുപേട്ട
ഇപ്പോൾ ഈ ആറുകൾ കണ്ടാൽ ഏതാനും ആഴ‌്ചകൾക്കുമുമ്പ‌് രൗദ്രഭാവത്തിൽ തടംതല്ലിയൊഴുകിയവയെന്ന‌് തോന്നുകയേ ഇല്ല. മഴ മാറി 10 ദിവസം പിന്നിടുമ്പോഴേക്കും മണിമല, മീനച്ചിലാറുകൾ  വരണ്ടു തുടങ്ങിയിരിക്കുന്നു.   ജലനിരപ്പ് ക്രമാതീതമായി താഴ‌്ന്നതോടെ  കിണറുകളും, ചെറുതോടുകളും വറ്റിത്തുടങ്ങിയതും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട‌്.
 കരകവിഞ്ഞും പാലങ്ങളിൽ മുട്ടിയിരുമ്മിയും ഒഴുകിയ മീനച്ചിലാർ ഇപ്പോൾ മെലിഞ്ഞുണങ്ങി ദയനീയ കാഴ‌്ചയാണ്. പലയിടത്തും നടന്ന് ആറിന്റെ മറുകരയെത്താവുന്ന വിധം ജലനിരപ്പ് കുറഞ്ഞു. ചിലയിടങ്ങളിൽ രണ്ടടി പോലും വെള്ളമില്ല.  മണിമലയാറ്റിൽ മൂങ്ങാനി, കൂടത്തിങ്കൽ, കുളത്തൂർമൂഴി തുരുത്ത്, മുണ്ടോലി കടവ് തുടങ്ങിയ പ്രദേശങ്ങളിൽ കാൽപാദം നനയാനുള്ള വെള്ളമേയുള്ളു. മണ്ണനാനി, വയലിപ്പടി, മലേപ്പാവ് തുടങ്ങിയ പ്രദേശങ്ങളിൽ മുട്ടറ്റം വെള്ളവും. പുതിയ പ്രതിഭാസം  നദീതീരവാസികളെ  ആശങ്കയിലാക്കിയിട്ടുണ്ട‌്.
മണിമലയാറ്റിൽ കയങ്ങളിൽ മാത്രമാണ് നിലയില്ലാതെ ഇപ്പോൾ വെള്ളമുള്ളത്. ആറിന്റെ മറ്റ് പല ഭാഗങ്ങളിലും അരയാൾ വെള്ളമേ ഉള്ളൂ. ശക്തമായ മഴയേ തുടർന്ന് ആറുകളുടെ തീരപ്രദേശങ്ങളിൽ റോഡിലും പരിസര പ്രദേശത്തും ഒരാൾ പൊക്കത്തിൽ വെള്ളം കയറിയിരുന്നു. 
മീനച്ചിലാറിന്റെ കരകളിൽ ടൺ കണക്കിന് മണൽ അടിഞ്ഞിട്ടുണ്ട‌്.  ഇതോടെ മണൽമാഫിയ സജീവമായിട്ടുണ്ട‌്. പകൽ സമയങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചുവച്ച‌് രാത്രി വാഹനങ്ങളിൽ കടത്തുന്നു. ഇത് തടയാൻ ചില സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രതാ സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.
മഴക്കാലം കഴിഞ്ഞാലുടൻ വരൾച്ച മീനച്ചിലാറ്റിൽ സ്ഥിരം കാഴ്ചയാവുകയാണ്. കുത്തൊഴുക്കുമൂലം ഉള്ള മേൽമണ്ണുകൂടി നഷ്ടമാകുന്നു. ഒരുകാലത്ത് വലിയ വള്ളങ്ങൾ മീനച്ചിലാറിലൂടെയെത്തി ഈരാറ്റുപേട്ടയിലടക്കം വ്യാപാരം നടന്നിരുന്നു.  നദിയുടെ ജീവൻ തിരിച്ചുപിടിക്കാൻ അതിവേഗമുള്ള  നടപടികളാണ് വേണ്ടത‌്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top