17 November Saturday

വിവാദങ്ങൾക്ക്‌ വിട‌; നീലിമംഗലം പാലം തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
 
കോട്ടയം
നിർമാണത്തിലെ അപാകം സംബന്ധിച്ച വിവാദങ്ങളിൽ കുടുങ്ങിയ എംസി റോഡിലെ നീലിമംഗലം പാലം പണിതീർന്ന‌് ഒന്നര വർഷത്തിനു ശേഷം തുറക്കുന്നു. മീനച്ചിലാറിനു കുറുകെ നിർമിച്ച പാലത്തിന‌്  പൊതുമരാമത്ത‌് വകുപ്പിന്റെ പരിശോധനയിൽ ബലക്കുറവില്ലെന്ന‌് കണ്ടെത്തി. ഇതേത്തുടർന്ന‌് പാലം തുറന്നുകൊടുക്കാനുള്ള നടപടി ആരംഭിച്ചു. 14 ന‌് മന്ത്രി ജി സുധാകരൻ പാലം പൊതുജനങ്ങൾക്ക‌് തുറന്നുകൊടുക്കും.
  2016 ഡിസംബറിലാണ‌് നീലിമംഗലം പാലം പണിപൂർത്തിയായത‌്. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ നേരിയ ബലക്കുറവുള്ളതായി സംശയമുയർന്നു. ഭാരം കയറ്റിയ ലോറി കയറുമ്പോൾ പാലം ഏതാനും മില്ലിമീറ്റർ വളയും. അനുവദനീയമായതിനും കൂടുതലായി പാലം വളയുന്നു എന്നായിരുന്നു കണ്ടെത്തൽ. ഇതോടെ എംസി റോഡ‌് നവീകരണത്തിനു ഫണ്ട‌് നൽകിയ ലോക ബാങ്ക‌് പാലം തുറന്നുകൊടുക്കുന്നതിനെ എതിർത്തു. ബംഗളൂരുവിലെ സ്വകാര്യ ഏജൻസി നടത്തിയ പരിശോധനയിലും പാലത്തിനു ബലക്കുറവുണ്ടെന്നായിരുന്നു റിപ്പോർട്ട‌്. 
  അതേസമയം ചെന്നൈ ഐഐടിയിൽ നിന്നെത്തിയ വിദഗ‌്ധ സംഘം പാലത്തിന‌് ബലക്കുറവില്ലെന്ന‌് സ്ഥിരീകരിച്ചു. കൊച്ചിൻ യൂണിവേഴ‌്സിറ്റിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലും  ഗതാഗതയോഗ്യമാണെന്ന‌് കണ്ടെത്തി. ഭാരപരിശോധന നടത്തിയപ്പോൾ ലോറിയിൽ അമിതഭാരം കയറ്റിയെന്നാണ‌്  കെഎസ‌്ടിപി അധികൃതർ പറയുന്നത‌്. ഇതേതുടർന്നാണ‌് പാലം തുറന്നുകൊടുക്കാൻ പൊതുമരാമത്ത‌് വകുപ്പ‌് തീരുമാനിച്ചത‌്.  
  എംസി റോഡിൽ കുമാരനല്ലൂരിനും സംക്രാന്തിക്കുമിടയിൽ നിർമിച്ച പാലം ഗതാഗതക്കുരുക്കിന‌് വലിയ ആശ്വാസമാകും. മുമ്പുണ്ടായിരുന്ന ചെറിയ പാലം പൊളിച്ചാണ‌് പുതിയത‌് പണിതത‌്. ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയോടുകൂടിയതാണ‌് പാലം.
 
പ്രധാന വാർത്തകൾ
Top