Top
17
Sunday, December 2017
About UsE-Paper

ആധുനിക അറവുശാല കടലാസില്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം> നഗരസഭയുടെ ആധുനിക അറവുശാല നവീകരണം ഇഴഞ്ഞു നീങ്ങുമ്പോഴും ചുറ്റുമതില്‍ കെട്ടാനായി നഗരസഭ ചിലവിടുന്നത് ലക്ഷങ്ങള്‍. പതിനഞ്ച് വര്‍ഷം മുമ്പാണ് അറവുശാല നിര്‍മാണം തുടങ്ങിയത്. ഇത് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കി യന്ത്രങ്ങളടക്കം സ്ഥാപിച്ച് അറവുശാല എന്ന് തുറക്കാനാകുമെന്ന് അധികൃതര്‍ക്ക് ഇപ്പോഴും യാതൊരു പിടിയുമില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ പൊടിച്ച് ചുറ്റുമതില്‍ പണിയുന്നത്. 

നിലവിലെ അറവുശാലയില്‍ യാതൊരുവിധ സംവിധാനവും ഒരുക്കിയിട്ടില്ല. ഇലക്ട്രിക്കല്‍ ജോലികളും ആധുനിക യന്ത്രങ്ങള്‍ അടക്കമുള്ളവ എത്തുന്നതിനുള്ള കാലതാമസമാണ് അറവുശാല തുറക്കാന്‍ വൈകുന്നതെന്നാണ് നഗരസഭ അധികൃതര്‍ നല്‍കുന്ന സൂചന. ഇവിടേക്കുള്ള യന്ത്രങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞെങ്കിലും അവ എത്തിക്കാനും വൈകുകയാണ്. സ്റ്റാളുകളും സജ്ജീകരിക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ ഉള്‍വശം നവീകരിക്കുക മാത്രമാണ് ഇതുവരെ ചെയ്തത്. പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ ജനരോഷം ശക്തമാണ്. രാത്രി തെരുവ് നായ്ക്കളുടെ വാസസ്ഥലമായി അറവുശാല കെട്ടിടം മാറി.
അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നത് അനന്തമായി നീളുന്നതിനിടെയാണ് നഗരസഭ ഇപ്പോള്‍ ചുറ്റുമതില്‍ കെട്ടുന്നത്്. ലൈസന്‍സില്ലാത്ത അറവ് ശാലകള്‍ നഗരത്തില്‍ വ്യാപകമാണ്. മാലിന്യ സംസ്കരണ സംവിധാനം പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം അറവുശാലകള്‍ വലിയ പരിസര മലിനീകരണം സൃഷ്ടിക്കുന്നു. 
അറവുശാല ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍ പറഞ്ഞു.