19 November Monday

പൊട്ടിപ്പൊളിഞ്ഞ‌് നഗര പാതകൾ; ജീവൻപണയംവച്ച‌് യാത്രികർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 

 
കോട്ടയം
മഴ മാറിയതോടെ കോട്ടയം  നഗരത്തിലെ തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കെകെ റോഡ്, ചാലുകുന്ന‌്﹣മെഡിക്കൽ കോളേജ് റോഡ്, എംസി റോഡ് എന്നീ പ്രധാന റോഡുകളിൽ പലസ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഏറ്റവും തിരക്കുള്ള  നാഗമ്പടം പ്രൈവറ്റ്  ബസ്റ്റാന്റിൽ നിന്നും കുര്യൻ ഉതുപ്പ് റോഡിലേക്ക‌് തിരിയുന്നിടത്ത‌് വലിയ കുഴികൾ രൂപപെട്ടിട്ട‌് മാസങ്ങളായി. വിദ്യാർഥികൾ അടക്കം നൂറോളം കാൽനട യാത്രക്കാർ ദിവസവും ബസ് സ്റ്റാൻഡിലേക്ക്  മുറിച്ചുകടക്കുന്ന ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ വാഹനങ്ങൾ കുഴിയിൽ അകപ്പെടുന്നത് നിത്യസംഭവമാണ്. 
തിരുനക്കര എസ്ബിഐ മെയിൻ ബ്രാഞ്ചിന് മുന്നിലെ റോഡിൽ രണ്ടു വലിയ കുഴികൾ രൂപപ്പെട്ടിട്ട‌് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. കെകെ റോഡിൽ നിന്നുള്ള വാഹനങ്ങൾ എംസി റോഡിലേക്ക് പ്രവേശിക്കുന്ന പാതയാണിത‌്. 
ചെറുവാഹനങ്ങളുടെ അടിഭാഗം റോഡിൽ മുട്ടുന്ന സ്ഥിതിയാണ‌്. കുഴിയിലകപ്പെട്ട‌് വാഹനങ്ങൾക്ക‌് കേടുപാട‌് സംഭവിക്കുന്നു. ഓട്ടോറിക്ഷകളും ബൈക്കുകളും ഈ കുഴിയിൽ അകപ്പെടുന്നത് നിത്യസംഭവമാണ്. 
    വട്ടമൂട് പാലം തുറന്നുകൊടുത്തിട്ട‌് വർ‌ഷങ്ങൾ കഴിഞ്ഞിട്ടും പാലത്തെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പാത ഇന്നുവരെ ടാറിങ് ചെയ്തിട്ടില്ല. മഴ മാറിയതോടെ പൊടിശല്യവും രൂക്ഷമാണ്. നഗരത്തിൽ കയറാതെ മണർകാട് അയർക്കുന്നം മേഖലയിലേക്ക് പോകാനുള്ള  പാതയാണ് ഇത്. ഈ പാതയിൽ തന്നെ എലുപ്പുലിക്കാട്ട‌് പോകുന്ന വഴിയും പൂർണമായി ടാറിങ് പൊളിഞ്ഞനിലയിലാണ്. നഗരത്തിൽ നിന്ന‌് മെഡിക്കൽ കോളേജിലേക്ക് പോകുന്ന പ്രധാന പാതയായ ചാലുകുന്ന‌്﹣മെഡിക്കൽ കോളേജ് റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല . ചുങ്കം കവല മുതൽ റോഡ് പൊളിഞ്ഞ‌് കുഴികൾ രൂപപ്പെട്ട നിലയിലാണ്. ദിവസേന നൂറോളം  ആംബുലൻസുകളും രോഗികളെക്കൊണ്ടുള്ള മറ്റു വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത‌്. ചുങ്കം വാരിശ്ശേരി, കുടയംപടി, പനമ്പാലം റോഡുകളെല്ലാം കുണ്ടുംകുഴിയുമാണ‌്. ചെറുവാഹനങ്ങൾ രാത്രികാലങ്ങളിൽ കുഴിയിൽ വീഴുന്നതും പതിവാണ‌്. ടൗണിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ എംസി റോഡിലേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്ന ഈ പാത എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിൽ ഇത്തവണ ആദ്യത്തെ വെള്ളപ്പൊക്കത്തിൽ തകർന്ന നഗരസഭാ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി  14  കോടി രൂപയോളം വേണമെന്നായിരുന്നു പ്രാഥമിക കണക്ക്. ശേഷമുണ്ടായ പ്രളയം റോഡുകൾ പൂർണമായി തകർത്തതിനാൽ പുനർ നിർമാണത്തിന് വൻ തുക വേണ്ട സ്ഥിതിയാണ്. 
 
 
പ്രധാന വാർത്തകൾ
Top