26 September Wednesday

നീലംപേരൂർ പൂരം പടയണി നാളെ; മകം പടയണി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 

ചങ്ങനാശേരി
പടയണി കളത്തിൽ പൂരം പടയണിയുടെ പ്രതീകമായി പ്ലാവിലകോലങ്ങളായ കാവൽ പിശാച്, ഭീമസേനൻ, ഹനുമാൻ, ആന എന്നീ കോലങ്ങൾ ഒന്നിച്ച് കളത്തിലെത്തി. വ്യാഴാഴ്ച രാത്രി പത്തോടെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഇതോടെ പടയണിയുടെ മൂന്നാംഘട്ടം അവസാനിച്ചു. വെള്ളിയാഴ്ച മകം പടയണിയും ശനിയാഴ്ച  പൂരം പടയണിയും നടക്കും.
വ്യാഴാഴ്ച  രാത്രി പത്തിന‌് പതിവ് ചടങ്ങുകൾ പ്രകാരം  ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണു ചടങ്ങുകൾ തുടങ്ങിയത്.  ആർപ്പുവിളികളുടെ ആരവത്തിൽ ഭീമസേനന്റെ പ്ലാവിലകോലത്തോടൊപ്പം പിണ്ടിയും കുരുത്തോലയും കൊടിക്കൂറയും ഒപ്പം കാവൽ പിശാചും പടയണിക്കളത്തിലെത്തി. 
ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ പൂരം പടയണിയുടെ മകം പടയണി വെള്ളിയാഴ്ച നടക്കും. പതിനഞ്ചു ദിവസത്തെ പടയണി ചടങ്ങുകളിൽ പതിന്നാലാം ദിവസമാണിത‌്. മകം പടയണിയിൽ അടിയന്തിര കോലം അമ്പലക്കോട്ടയാണ്. പടയണി കളത്തിൽ പൂരം പടയണിയുടെ വരവ് അറിയിച്ച‌് ഈ ദിനത്തിൽ അമ്പലകോട്ട എഴുന്നള്ളും. 
നെല്ലിന്റെ ജന്മദിനമായ മകം നാളിൽ കാർഷിക അഭിവൃദ്ധിക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. കാർഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം നടക്കും. പുലർച്ചെ നാലിന് പള്ളിയുണർത്തൽ, ഒന്നിന് ചിറമ്പ്  കുത്ത് ആരംഭിക്കും. 6.30ന് ദീപാരാധന, 7.30 ന് ചിറമ്പ്  കുത്ത് തുടർച്ച ,പതിനൊന്നിന് കുടംപൂജ കളി, അനുജ്ഞ വാങ്ങലിനു ശേഷം തോത്താ കളി,വേലകളി, അതിനു ശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും  എഴുന്നെള്ളത്ത്. തുടങ്ങിയവയാണ്  മകം പടയണിയുടെ പ്രധാന ചടങ്ങുകൾ. 
ഞായറാഴ‌്ച നടക്കുന്ന പൂരം പടയണിക്ക് കഴിഞ്ഞ തവണ രണ്ടുവല്യന്നങ്ങളാണ് എഴുന്നള്ളിയതെങ്കിൽ ഇത്തവണ ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളുമാണ് എഴുന്നള്ളുന്നതെന്ന പ്രത്യേകത പൂരത്തിനുണ്ട്. ഇതോടൊപ്പം ദേവിയുടെ തിരു നടയിൽ പടയണി താളത്തിൽ  70 ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവെയ്ക്കും. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെയാണ്  നേർച്ചയായി ദേവിയ്ക്ക് സമർപ്പിക്കുന്നത്. 
ചേരമാൻ പേരുമാളിന്റെ കാലം മുതൽ ഈ ചടങ്ങ് ക്ഷേത്രങ്ങളിൽ നടന്നുവരുന്നുണ്ട്. ഇതോടൊപ്പം പടയണിയിൽ ഇത്തവണ പുതിയതായി ഒരുകോലം കൂടി എഴുന്നള്ളിക്കും. കാലങ്ങളായി എല്ലാ പടയണിയിലും വ്യത്യസ‌്തമായ പടയണിക്കോലങ്ങൾ എഴുന്നള്ളിക്കുന്നത് നീലംപേരൂർ പടയണിയുടെമാത്രം പ്രത്യേകതയാണ്. കഴിഞ്ഞവർഷം അയ്യപ്പനെയാണ് എഴുന്നള്ളിച്ചതെങ്കിൽ ഇത്തവണ  പുതിയതായി വസുദേവരുടെ കോലമാണ് എഴുന്നള്ളിക്കുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top