13 November Tuesday

മീനച്ചിൽ റബർ മാർക്കറ്റിങ് സംഘത്തിലെ അഴിമതി: 5 ഭരണസമിതിയംഗങ്ങളെ നീക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

 

പാലാ  
ക്രമവിരുദ്ധ പ്രവർത്തനം മൂലം വൻ സാമ്പത്തിക നഷ്ടം വരുത്തിയതിനെതുടർന്ന് പ്രവർത്തനം നിലച്ച മീനച്ചിൽ റബർ മാർക്കറ്റിങ‌് സഹകരണ സംഘം ഭരണസമിതിയിൽനിന്ന്  അഞ്ച് അംഗങ്ങളെ കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ പുറത്താക്കി. തുടർച്ചയായി ഏറെക്കാലം ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാതെയും ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതായി കണ്ടെത്തിയ അംഗങ്ങൾക്കെതിരെയാണ് സഹകരണ വകുപ്പ് നടപടി. 
കോൺഗ്രസ് ഐ പ്രതിനിധികളായ വൈസ് പ്രസിഡന്റ് സി സി മൈക്കിൾ, അഡ്വ. ജോർജ് നരിക്കുഴി, മുൻ പ്രസിഡന്റ് ജോയി നടുക്കരയുടെ ഭാര്യ കെ പി സിസിലി, വനിതാ പ്രതിനിധി നൈസിമോൾ ചെറിയാൻ, അഡ്വ. ജോസ് ടോം എന്നിവരെയാണ് ഭരണസമിതിയിൽനിന്ന് നീക്കം ചെയ്തത്. 
സഹകരണ നിയമം അനുസരിച്ച് നടത്തിയ പ്രത്യേക അന്വേഷണത്തിൽ ഇവർ വൻതുക സംഘത്തിലേക്ക് അടയ‌്ക്കാനുള്ളതായി കണ്ടെത്തിയിരുന്നു. ഈ തുക തിരിച്ചടക്കാതെ ഹൈക്കോടതിയിൽ സ്റ്റേ നേടുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇവർ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളാകുന്നതിൽ അയോഗ്യരാകുമെന്നാണ് അറിയുന്നത്. 
മുൻ എംപി ജോയി എബ്രഹാം പ്രസിഡന്റായ  സംഘം ഭരണസമിതി യഥാസമയം യോഗം വിളിച്ചു ചേർക്കുകയോ, സംഘം ഭരണകാര്യങ്ങളിൽ ആവശ്യമായ തീരുമാനങ്ങളും നടപടികളും സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിക്ഷേപകർ നൽകിയ പരാതിയെ തുടർന്നാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. യോഗം ചേർന്നതായി പിന്നീട് നടപടി രജിസ്റ്ററിൽ എഴുതി ചേർത്ത് കോറം തികക്കുംവിധം ഏതാനും അംഗങ്ങളുടെ ഒപ്പ് ചേർക്കുകയായിരുന്നെന്നും പരാതിയിൽപറയുന്നു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top