17 November Saturday

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 6 വയസ്സുകാരന് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

 

 
കറുകച്ചാൽ 
കളിക്കുന്നതിനിടയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുവയസുകാരന് പരിക്കേറ്റു. കറുകച്ചാൽ മുഴുവൻകുഴി കോവൂർ ഡോ. അജയകുമാറിന്റെയും സുനിതയുടെയും മകൻ വിവേകിനാണ് പരിക്കേറ്റത്. ഞായറാഴ്ച  വൈകിട്ട‌് നാലിനായിരുന്നു സംഭവം. സമീപത്തെ പുരയിടത്തിൽനിന്നും ലഭിച്ച വസ്തു സ്‌ഫോടകവസ്തുവാണന്ന് അറിയാതെ മുറ്റത്ത്
കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ച‌് വിവേകിന‌് പരിക്കേറ്റത്.  ചങ്ങനാശേരിയിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ അമ്മ സുനിതയോടൊപ്പം റോഡുവരെ എത്തി യാത്രയാക്കിയശേഷം വീട്ടിലേക്ക് വിവേക് മടങ്ങുകയായിരുന്നു. ഈസമയം സമീപത്തെ പറമ്പിൽ വീടുപണിക്കായി കൂട്ടിയിട്ടിരുന്ന കരിങ്കൽക്കൂട്ടത്തിൽ ഇലക്ട്രിക് വയറുകൾ ഘടിപ്പിച്ച വസ്തു കിടക്കുന്നത് വിവേകിന്റെ ശ്രദ്ധയിൽപ്പെടുകയും അത് എടുക്കുകയുമായിരുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന് മുറ്റത്തിരുന്ന് കളിക്കുന്നതിനിടയിൽ ഇത് ഉഗ്രശബ്ദ്ത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം അമ്മയുടെ മാതാപിതാക്കളും വിവേകിന്റെ സഹോദരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടിയെത്തിയപ്പോഴേക്കും വയറിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ നിലയിൽ വിവേകിനെ കാണുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ കറുകച്ചാലിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് ചെത്തിപ്പുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വിവേകിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്‌ഫോടക വസ്തുവിന്റ അവശിഷ്ടങ്ങൾ വയറിൽ നിന്നും ശരീരഭാഗങ്ങളിൽ നിന്നും നീക്കംചെയ്തു. ഇനിയും ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തെ തുടർന്ന് വീട്ടുകാർ  കറുകച്ചാൽ പൊലീസിൽ പരാതി നൽകി. പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന ഡിറ്റനേറ്റർ ആണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുമുറ്റത്തുനിന്നും ലഭിച്ച സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ  പരിശോധനക്കായി വിദഗ്ധർക്ക് കൈമാറുമെന്ന് കറുകച്ചാൽ പൊലീസ് പറഞ്ഞു. ചമ്പക്കരയിലെ സ്വകാര്യ സ്കൂളിലെ  ഒന്നാംക്ലാസ് വിദ്യാർഥിയാണ് വിവേക്. 
 
 
പ്രധാന വാർത്തകൾ
Top