17 November Saturday

എന്നു തീരും ഈ ദുരിതം; കുരുങ്ങി...കുരുങ്ങി...കോട്ടയം

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

കോട്ടയം നാഗമ്പടം പാലത്തിലെ ഗതാഗതക്കുരുക്ക്‌

 

കോട്ടയം
 നാഗമ്പടം മേൽപാലത്തിന്റെ നിർമാണം നീങ്ങുന്നത് ഒച്ചിന്റെ വേഗത്തിൽ. യാത്രക്കാർ ദുരിതക്കുരുക്കിൽ. മഴ തുടങ്ങിയതോടെ അപകടവും പതിവായി. 
മേൽപാലം നിർമാണത്തെ തുടർന്ന് എംസി റോഡിൽ മാസങ്ങളായി രൂപപ്പെട്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ഇപ്പോഴും ശമനമായിട്ടില്ല. മഴ തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. കഴിഞ്ഞ ദിവസം പഴയപാലത്തിലെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബീമിൽ കണ്ടെയിനർ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ സ്കൂളിൽ വൈകിയാണ് എത്തുന്നത്. തിരിച്ചു പോകുന്നതും വളരെ പ്രയാസപ്പെട്ടുതന്നെ.
ചൊവ്വാഴ്ച രാവിലെയാണ് പാലത്തിൽ വലിയ കണ്ടെയിനർ കുരുങ്ങിയത്. മണിക്കൂറുകളോളം നഗരത്തിൽ അടക്കം ഗാതാഗതക്കുരുക്കിന് കാരണമായി. തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയുടെ മുകൾ ഭാഗം പാലത്തിന്റെ ബീമിൽ ഉടക്കി മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുടുങ്ങി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ നിർദേശത്തെത്തുടർന്നു ടയറിലെ അൽപ്പം കാറ്റ് അഴിച്ചു വിട്ട് ഉയരം കുറച്ചു പാലത്തിലെ ഉടക്കു മാറ്റി ലോറി പിന്നോട്ട് എടുത്തു സീയേഴ്സ് ജങ്ങ്ഷനിലെത്തിച്ചു. ഇവിടെ നിന്നു ടൗണിലേക്കു തിരിയ്ക്കാനുള്ള ശ്രമത്തിനിടെ മുകളിലൂടെ പോയിരുന്ന കേബിളുകളും പൊട്ടി.  ഇതറിയാതെ പാഞ്ഞെത്തിയ ബൈക്കിലും കാറിലും കേബിൾ കുടുങ്ങിയെങ്കിലൂം തലനാരിഴക്ക്  അപകടമൊഴിവായി. ലോറി പിന്നീട് കുമരകം വഴി തിരിച്ചുവിട്ടു. കഴിഞ്ഞ ആഴ‌്ചയും ഇത്തരത്തിൽ ഇവിടെ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു. 
 
ഇവിടുത്തെ പാലത്തിന്റെ നിർമാണം രണ്ട് ജീവനുകളും എടുത്തിട്ടുണ്ട്. പേരൂർ സ്വദേശി ജോബി ജോസ്(39), നട്ടാശേരി സ്വദേശി ശ്രീകുമാർ(54) എന്നിവരാണ്് മരണപ്പെട്ടത്. റോഡിലെ ചെളിയിൽ തെന്നി വീണാണ‌് ശ്രീകുമാറിന്റെ ജീവൻ പോയത്. മഴ തുടങ്ങിയതോടെ ഇവിടെ റോഡ് പൂർണമായും ചെളിയിൽ മുങ്ങിയ അവസ്ഥയാണ്. നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്തുനിന്ന് ചെളി റോഡിൽ നിറയുന്നത്് ഇതു വഴിയുള്ള ബൈക്ക് യാത്രക്കാർക്ക് ദുരിതമാണ്. മാത്രമല്ല പഴയപാലത്തിന്റെ മറുവശത്ത് സംരക്ഷണ ഭിത്തിയില്ലാത്തതും അപകടത്തിന് കാരണമാണ്. കഴിഞ്ഞ ദിവസം ഒരു ലോറി നിയന്ത്രണം വിട്ട് ഇവിടെ മറിഞ്ഞിരുന്നു. 
മേൽപാല നിർമാണം ഒച്ചിന്റെ വേഗതയിലാണ് പുരോഗമിക്കുന്നത്. ഇപ്പോൾ പണിക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ജൂലൈ അവസാനത്തോടെ പാലം തുറന്നുകൊടുക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ഓണത്തിനും ഒാണസമ്മാനമെന്നും പുതുവത്സര സമ്മാനമായും പാലം തുറന്ന് കൊടുക്കമെന്ന് പറഞ്ഞിട്ടും ഒന്നും നടന്നില്ല. മേൽപാലം നിർമാണത്തിന്റെ അപ്രോച്ച് റോഡ് സംഗമിക്കുന്ന ഭാഗംവരെയുള്ള റോഡിന്റെ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിടുന്നു. ഏറ്റവും കൂടുതൽ കുരുക്കനുഭവപ്പെടുന്നത് പഴയ മേൽപാലത്തിലേ                    ക്കു കയറുന്ന ഭാഗത്താണ്. പലപ്പോഴും പൊലീസ് എത്തിയാണ് ഇവിടുത്തെ ഗതാതക്കുരുക്ക് നിയന്ത്രിക്കുന്നത്. ഗതാഗതക്കരുകിൽ രോഗികളുമായി എത്തുന്ന ആംബുലൻസും ഉൾപെടാറുണ്ട്. മാത്രമല്ല വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top