13 November Tuesday

സുരക്ഷയൊരുക്കാൻ ജല ആംബുലൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

വൈക്കത്ത് ജല ആംബുലൻസ് പ്രവർത്തനം ആരംഭിച്ചപ്പോൾ

 കോട്ടയം

തീരപ്രദേശങ്ങളിൽ അപകടത്തിൽപ്പെടുന്നവരെ അതിവേഗത്തിൽ രക്ഷപ്പെടുത്താൻ വൈക്കത്ത് ജല ആംബുലൻസ്. ജലഗതാഗത വകുപ്പിന്റെ നിരവധി സജ്ജീകരണങ്ങളോടെയുള്ള റസ്ക്യു ആൻഡ് ഡൈവ് എന്ന് പേരുള്ള ജല ആംബുലൻസാണ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 24 മണിക്കൂറും വൈക്കത്തിന്റെ തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ഇനി ആംബുലൻസിന്റെ സഹായം ലഭ്യമാകും. ജില്ലയിൽ ആദ്യമായാണ് ജല ആംബുലൻസിന്റെ സേവനം ലഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ജല ആംബുലൻസ് ആണ് ഉള്ളത്. റസ്ക്യു ആൻഡ് ഡൈവ് ആർ നാല‌് എന്ന ജല ആംബുലൻസാണ് വൈക്കത്തുള്ളത്. ആലപ്പുഴ എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റ് ജല ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. ജല ഗതാഗത വകുപ്പാണ് ജല ആബുലൻസ് പ്രവർത്തിക്കുന്നത്. മൂന്ന് ജോലിക്കാരാണ് ജല ആംബുലൻസിലുള്ളത്. ജോലിക്കാർക്ക് ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങ് നൽകിയിട്ടുണ്ട്. 16 യാത്രക്കാരെയും ഈ ബോട്ടിൽ കയറ്റാം.
ജീവൻ രക്ഷാ ഉപകരണങ്ങൾ, ഓക്സിജൻ സിലണ്ടർ, സ്ട്രച്ചർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ ജല ആംബുലൻസിലുണ്ട്.  പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാട് മേഖലയിൽ ജല ആംബുലൻസ് പ്രവർത്തിച്ചിരുന്നു. നിരവധി രോഗികളെയും ആളുകളെയുമാണ് ജല ആംബുലൻസിന്റെ സഹായത്തോടെ കരയിൽ എത്തിച്ചത്. 108 ആംബുലൻസുമായി സഹകരിച്ചാണ് ജല ആംബുലൻസ് പ്രവർത്തിച്ചിരുന്നത്.
പ്രധാന വാർത്തകൾ
Top