21 November Wednesday
കുമരകം ഈസ് സേഫ്’

പ്രളയമൊഴിഞ്ഞു കുമരകം വീണ്ടും ഉണർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 കോട്ടയം

ആദ്യം നിപാ...പിന്നീട് പ്രളയം. രണ്ടു ദുരന്തങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നപ്പോൾ തകർന്നടിഞ്ഞത് കുമരകത്തെ ടൂറിസം മേഖലയുടെ സ്വപ്നങ്ങൾ. നഷ്ടങ്ങളിൽ നിന്നും കരകയറാൻ തീവ്രശ്രമവുമായി കുമരകത്തെ പുരവഞ്ചികളും ശിക്കാര വള്ളങ്ങളുമെല്ലാം കായൽപ്പരപ്പിൽ സജീവമായി. 
കുമരകത്തെ മിക്കവാറും എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും സഞ്ചാരികൾ  എത്തിത്തുടങ്ങി. നഷ്ടമായത് കുറേയെങ്കിലും തിരികെ പിടിക്കാമെന്ന വിശ്വാസമാണ് ഇവർക്കുള്ളത്. ‘കുമരകം ഈസ് സേഫ്’ എന്ന പ്രചാരണവുമായി നഷ്ടപ്പെട്ട ദിനങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റിസോർട്ട് ഉടമകൾ. നിപായും പ്രളയവും കോടികളുടെ നഷ്ടമാണ് കുമരകത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണ്ടാക്കിയത്. പ്രളയത്തിൽ ഏതാനും റിസോർട്ടുകൾക്ക് മാത്രമാണ് വസ്തുവകകളിൽ നാശമുണ്ടായത്. അതേസമയം, ടൂറിസം മേഖലയ്ക്ക് പൊതുവെ അഭിമുഖീകരിക്കേണ്ടി വന്നത് വൻ വാണിജ്യനഷ്ടത്തെയാണ്.
വിദേശ ടൂറിസ്റ്റുകളെയാണ് ടൂറിസം മേഖല ഉറ്റുനോക്കുന്നത്. മൺസൂൺ ടൂറിസം സീസണിൽ വിദേശരാജ്യങ്ങളിൽ നിന്നും പതിവുപോലെ കൂടുതൽ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നിപാ ഭീതിയിൽ വിദേശികൾ കൂട്ടത്തോടെ യാത്ര ഒഴിവാക്കിയത് തിരിച്ചടിയായി. കേരളം പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നിപായെ പ്രതിരോധിച്ചതോടെ തിരിച്ചുവരവ് പ്രതീക്ഷിച്ച സമയത്താണ് പ്രളയം എല്ലാം തകർത്തത്.
മഴ മാറി പൊതുവെ നല്ല കാലാവസ്ഥയാണിപ്പോൾ. പ്രളയദുരന്തത്തിന്റെ തകർച്ചയിൽ നിന്നും കേരളം കര കയറാൻ ഇനിയും സമയമെടുക്കുമെങ്കിലും വിനോദസഞ്ചാരമേഖല സ്വയം ഉയിർത്തെഴുന്നേറ്റേ മതിയാകൂ. അല്ലാത്ത പക്ഷം കോടികൾ മുടക്കിയിട്ടുള്ള റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം നഷ്ടത്തിൽ നിന്നും കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തും. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ടൂറിസ്റ്റുകളെ ആകർഷിക്കാൻ രംഗത്തു വന്നുകഴിഞ്ഞു.  
സെപ്തംബർ 27 മുതൽ 30 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന കേരള ട്രാവൽ മാർട്ടിനെ ടൂറിസം മേഖലയിലുള്ളവർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിലൂടെ വിദേശരാജ്യങ്ങളിൽ നിന്നടക്കം കൂടുതൽ അന്വേഷണവും ടൂറിസ്റ്റുകളുടെ വരവും കൂടുമെന്ന പ്രതീക്ഷയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത ചുരുക്കം ചില ആഭ്യന്തര വിദേശ സഞ്ചാരികളാണ് പ്രളയത്തിനു ശേഷം കുമരകത്ത് എത്തിയത്. അടുത്ത ദിവസം കുറച്ചുപേർ കൂടി എത്തുമെന്ന സൂചന റിസോർട്ട് അധികൃതർ നൽകുന്നുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top