19 September Wednesday
കിറ്റ് വിതരണം അന്തിമഘട്ടത്തിൽ

ദുരിതാശ്വാസതുക വിതരണം ഊർജിതം; ഏഴിനകം പൂർത്തീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 കോട്ടയം

പ്രളയബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപ ധനസഹായവിതരണം  ജില്ലയിൽ ഊർജിതമായി മുന്നേറുന്നു. അർഹരായ മുഴുവൻ പേരുടെ അക്കൗണ്ടുകളിലും ഏഴിനകം പണം നിക്ഷേപിക്കാൻ കഴിയുമെന്ന് എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കലക്ടർ അലക്സ് ജോസഫ് ‘“ദേശാഭിമാനി’’യോട് പറഞ്ഞു. ദുരിതബാധിതർക്കുള്ള കിറ്റുകളുടെ വിതരണവും പൂർത്തിയായി വരുന്നു. 
പ്രളയക്കെടുതിയെ തുടർന്ന് ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞശേഷം വീടുകളിലേക്ക് മടങ്ങിയവർക്കായി ഇതുവരെ അവശ്യസാധനങ്ങൾ അടങ്ങിയ  38,080 കിറ്റുകൾ കൈമാറി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലേക്ക് രണ്ടാംഘട്ടമായി നാലായിരത്തോളം കിറ്റുകൾ കൂടി തയ്യാറാക്കി. അതത് താലൂക്ക് ഓഫീസുകളിലാണ് കിറ്റുകൾ തയ്യാറാക്കിയത്. ഇതും അർഹർക്ക് കൈമാറും.
ബൂത്തുതല ഓഫീസർമാർ വീടുകൾ സന്ദർശിച്ച് ശേഖരിക്കുന്ന വിവരങ്ങൾ  അതത് വില്ലേജ് ഓഫീസർമാർ  പരിശോധിച്ച്  ഉറപ്പു വരുത്തിയാണ് ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത്. ഈ നടപടികൾ കുറ്റമറ്റ നിലയിൽ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നത്. ധനസഹായം എത്തേണ്ട പലരുടെയും അക്കൗണ്ടുകളിലെ സാങ്കേതികപ്രശ്നങ്ങൾ തലവേദനയാകുന്നുണ്ട്. ചില അക്കൗണ്ടുകളിൽ  ഐഎഫ്എസ്സി കോഡുകൾ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പരിഹരിച്ച് എത്രയും വേഗം ധനസഹായം ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥർ കൈമെയ് മറന്ന് പരിശ്രമിക്കുന്നത്. ദുരിതബാധിതർക്ക് നൽകാനുള്ള ദുരിതാശ്വാസധനം അതത് താലൂക്ക് തഹസിൽദാർമാർക്ക് കലക്ടർ നേരത്തെ കൈമാറിയിട്ടുണ്ട്. 
ചങ്ങനാശേരി താലൂക്കിൽ 1,730 പേർക്ക് ആദ്യഘട്ടമായി പണം കൈമാറാൻ ശ്രമിച്ചെങ്കിലും 1,300 പേരുടെ അക്കൗണ്ടുകളിലേക്ക് മാത്രമെ എത്തിയുള്ളൂ. അക്കൗണ്ടുകളിലെ സാങ്കേതിക തകരാറാണ് തടസ്സമായത്. ഇത് പരിഹരിക്കുന്നതോടെ അടുത്ത ദിവസം തന്നെ അക്കൗണ്ടിൽ പണം എത്തും. ചങ്ങനാശേരി താലൂക്കിൽ ഇതുവരെ അധികൃതർ നടത്തിയ പരിശോധനയിൽ  5,900 ദുരിതബാധിതരുണ്ടെന്നാണ് കണക്ക്. 1,594 പേരുടെ കൂടി വിവരശേഖരണം പൂർത്തിയായി. ഇത് വില്ലേജ് ഓഫീസർമാർ പരിശോധിച്ച ശേഷം ബാക്കിയുള്ളവർക്കും ഉടൻ ധനസഹായം ലഭ്യമാക്കും. 
വൈക്കം താലൂക്കിൽ 3,598 പേർക്ക് ഇതുവരെ പണം കൈമാറി. ഓരോ മേഖല തിരിച്ച് ഗുണഭോക്താക്കൾക്ക് പണം കൈമാറുമ്പോൾ തന്നെ മറ്റിടങ്ങളിൽ ബിഎൽഒമാരുടെ നേതൃത്വത്തിൽ വിവരശേഖരണം നടക്കുന്നുമുണ്ട്. മീനച്ചിൽ താലൂക്കിൽ 1,100 പേരെയാണ് ഇതുവരെ ദുരിതാശ്വാസധനസഹായത്തിന് അർഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 301 പേർക്ക് തിങ്കളാഴ്ച പണം കൈമാറി. ചൊവ്വാഴ്ച വൈകിട്ടോടെ 200 പേരുടെ അക്കൗണ്ടുകളിലേയ്ക്ക് കൂടി പണം നിക്ഷേപിച്ചു. മറ്റുള്ളവരുടെ വിവരങ്ങൾ പരിശോധിച്ച് വരികയാണ്.അടുത്ത ദിവസം തന്നെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം എത്തും. 
കോട്ടയം താലൂക്കിൽ ഇതുവരെ 1,484 പേർക്ക് പതിനായിരം രൂപ വീതം കൈമാറി. 484 പേർക്ക് 6,200 രൂപ വീതവും നൽകി. ഇതിനു പുറമെ 1,434 പേരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുള്ള നടപടിക്രമങ്ങളും പൂർത്തിയായി. കാഞ്ഞിരപ്പള്ളിയിൽ ആകെ 242 പേർക്കാണ് ദുരിതാശ്വാസധനസഹായത്തിന് അർഹതയുള്ളവർ. ഇവരിൽ 180 പേർക്ക് 10,000 രൂപ വീതം കൈമാറി. മറ്റുള്ളവർക്ക് മുഴുവൻ തുകയും ബുധനാഴ്ച കൈമാറും.
പ്രധാന വാർത്തകൾ
Top