18 December Tuesday

വേണുഗോപാലിന്റെ കൃഷിയിടത്തിൽ ബന്ദിപ്പൂ വസന്തം

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
കൂരോപ്പട
കൂരോപ്പട പഞ്ചായത്തിലെ പുളിമൂട് പ്രദേശത്ത് ഏതൊക്കെ തരത്തിലുള്ള കീടങ്ങൾ ഉണ്ടന്ന‌് അറിയാൻ വേങ്ങത്താനത്ത് വേണുഗോപാലിന്റെ കൃഷിയിടത്തിൽ എത്തിയാൽ മതി. ഇവിടുത്തെ ബന്ദിപ്പൂ തോട്ടത്തിൽ 10 മിനിറ്റ് നിന്നാൽ മതി പൂക്കളുമായി സല്ലപിക്കുന്ന എല്ലാതരത്തിലുമുള്ള കീടങ്ങളെയും കാണാം. ജൈവകൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കീടങ്ങളിൽ നിന്നും സംരക്ഷിക്കണം.  വിഷമരുന്ന് തളിക്കാൻ പാടില്ല. ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൂ കൃഷി ആരംഭിച്ചത്.
ഇപ്പോൾ കീടങ്ങൾക്ക് പച്ചക്കറികൾ വേണ്ട പൂക്കൾ മതി. പലവർണ്ണങ്ങളിലുള്ള പൂമ്പാറ്റ , തേനീച്ച,  വിവിധതരം പുഴുക്കൾ,  തുമ്പികൾ എന്നിവയ്ക്കും കുശാൽ.  പത്ത് സെന്റ‌് സ്ഥലത്താണ് ബന്ദിപ്പൂ കൃഷി ചെയ്തിരിക്കുന്നത്.  15 കിലോ പൂക്കൾ ദിവസം ഇപ്പോൾ മാർക്കറ്റിൽ വിൽക്കുന്നുണ്ട്.  ഒരു കിലോ പൂവിന് 50 മുതൽ 60 രൂപവരെ വില ലഭിക്കുന്നുണ്ട്. ജമന്തി പൂവായി വരുന്നതേയുള്ളൂ. അർക്ക, അരുണിമ, മാരിഗോൾഡ് എന്ന വിത്തിനമാണ് പൂകൃഷിയ‌്ക്ക് ഉപയോഗിച്ചത്. നല്ല വലിപ്പത്തിലുള്ള പൂവാണ് ഇവിടെ വിരിഞ്ഞിരിക്കുന്നത്. 
ഏഴ് ഏക്കറോളം വരുന്ന കൃഷിയിടമാണ് ഇവിടെയുള്ളത്. ഇതിൽ ഒന്നര ഏക്കർ സ്ഥലത്ത് കപ്പയും ഒരേക്കർ സ്ഥലത്ത് കൈതയും ആണ് കൃഷി ചെയ്തിരിക്കുന്നത്. ചേന, തക്കാളി, മത്തങ്ങ, പടവലങ്ങ, പീച്ചിങ്ങ,  കടല, തടിയൻ  വാഴ കൃഷികളാണ് ഇപ്പോഴുള്ളത്.  കടല കൃഷിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വ്യാപകമായി ചോളം കൃഷി ചെയ്തു. നല്ല വിളവ‌് ലഭിച്ചു. വേണുഗോപാൽ, ഭാര്യ അനുമോൾ വർഗീസ്, ഭാര്യാപിതാവ് വർഗീസ്, മാതാവ് റോസമ്മ  എന്നിവർ ചേർന്നാണ് കൃഷി.
സുഭാഷ് പലേക്കറുടെ ജൈവ കൃഷിരീതിയാണ് പൂർണമായും അവലംബിക്കുന്നത്. മുൻ കൂരോപ്പട കൃഷി ഓഫീസർ ആയിരുന്ന അമ്പിളി ആണ് വിപുലമായ കൃഷിരീതിയിലേക്ക് മാറുവാൻ പ്രചോദനമായത്. ഇപ്പോഴത്തെ കൃഷി ഓഫീസർ സൂര്യമോളും സഹായിക്കുന്നുണ്ട്.  അടുത്തവർഷം ഒരേക്കർ സ്ഥലത്ത് മുല്ലപ്പൂ കൃഷി നടത്താനൊരുങ്ങുകയാണ് വേണുഗോപാൽ.
ബംഗളൂരു കോളയാർ  സ്വദേശിയായ വേണുഗോപാലും അനുമോളും ഒരുമിച്ച് ജനറൽ നേഴ്സിങ് പഠിച്ചതാണ് . മക്കൾ നിഖിൽ, നിഹാൽ.
 
പ്രധാന വാർത്തകൾ
Top