19 September Wednesday
ശമ്പളം നൽകാൻ ധാരണ

റെയിൽവേ ശുചീകരണ തൊഴിലാളികളുടെ സമരം ഒത്തുതീർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

 

 
 
കോട്ടയം
കോട്ടയം റെയിൽവേ സ്റ്റേഷറിലെ ശുചീകരണ തൊഴിലാളികൾ റെയിൽവേ കാറ്ററിങ് ആൻഡ്  ജനറൽ വർക്കേഴ്സ് യൂണിയന്റെ(സിഐടിയു) നേതൃത്വത്തിൽ  നാലുദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം ചർച്ചയിൽ ഒത്തീതീർന്നു. തൊഴിലാളികൾക്ക് ഉടൻ ശമ്പളം വിതരണം ചെയ്യാമെന്ന് കരാറുടമ സമ്മതിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് മെയ് മാസത്തെ ശമ്പളം എല്ലാവർക്കും വിതരണം ചെയ്തു. 
ജൂണിലെ ശമ്പളം തിങ്കളാഴ്ചയും ജൂലൈയിലേത് 13നും വൈകിട്ട് അഞ്ചിന് മുൻപ് വിതരണം ചെയ്യാമെന്ന് സമ്മതിച്ചു. തുടർന്നുള്ള മാസങ്ങളിൽ ഏഴിന് മുൻപും ശമ്പളം നൽകും. സമരം ചെയ്ത തൊഴിലാളികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകില്ല. നിലവിലുള്ള 30 തൊഴിലാളികൾക്കും ജോലിയിൽ തുടരാമെന്നും കരാറുടമ സമ്മതിച്ചു. പണിമുടക്കിയ ശുചീകരണ തൊഴിലാളികളിൽ 29 പേരും സ്ത്രീകളാണ്. 
രണ്ടുമാസമായി കൂലി നൽകാത്തതിനാലാണ‌് കോട്ടയം റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതേത്തുടർന്ന് ശുചീകരണം മുടങ്ങി റെയിൽവെ പ്ലാറ്റ്ഫോമും ട്രാക്കും  പരിസരവും വൃത്തിഹീനമായിക്കിരുന്നു.  
370 രൂപയായിരുന്നു തൊഴിലാളികളുടെ ദിവസവേതനം. രണ്ടുമാസത്തെ കൂലി മുടങ്ങിയപ്പോഴാണ് തൊഴിലാളികൾ അനിശ്ചിതകാലസമരം ആരംഭിച്ചത്. 
പ്രശ്നത്തിൽ ഇടപെട്ട യൂണിയൻ നേതാക്കൾ, തൊഴിലാളികൾക്ക് കൂലി നൽകാൻ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ലേബർ കമീഷൻ, ജില്ലാ ലേബർ ഓഫീസർ, റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർക്കടക്കം നിവേദനവും നൽകിയിരുന്നു.
ഒത്തുതീർപ്പു ചർച്ചയിൽ കരാറുകാരനെ പ്രതിനിധീകരിച്ച് ദേവനാരായൺ സിങ്, തൊഴിലാളികളുടെ പ്രതിനിധികളായി റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ‌് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) പ്രസിഡന്റ‌്  പി ഐ ബോസ്, സെക്രട്ടറി എ പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top