Top
24
Friday, November 2017
About UsE-Paper

നെല്ല് സംഭരണം: കര്‍ഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കണം- സിപിഐ എം

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണണമെന്നും കര്‍ഷകരെ സഹായിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

സപ്ളൈകോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകളാണ് കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നത്. നെല്ലിന് 17 ശതമാനത്തില്‍ കൂടുതല്‍ ജലാംശമുണ്ടെങ്കില്‍ അതിന് ആനുപാതികമായി ഒരു കിലോ മുതല്‍ കിഴിവ് ആണ് കര്‍ഷകര്‍ നല്‍കേണ്ടിയിരുന്നത്. കഴിഞ്ഞ സീസണ്‍വരെ നിലനിന്ന ഈ സംവിധാനം തുടരണം.  ഈ സംവിധാനം മാറ്റിയത് കര്‍ഷകരെ ദ്രോഹിക്കുന്നതിനുമാത്രമാണ്. 1000 നെല്‍മണി തൂക്കിയാല്‍ 26 ഗ്രാം ലഭിച്ചില്ലെങ്കില്‍ വലിയതോതില്‍ കിഴിവ് വാങ്ങുന്നതാണ് പുതിയ നിബന്ധന. ഇത് അംഗീകരിക്കാനാകില്ല.  മില്ലുടമകളുടെ താല്‍പര്യം സംരക്ഷിക്കാനായി അശാസ്ത്രീയമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത് അനുവദിക്കാനാകില്ല. അപ്പര്‍ കുട്ടനാട്ടിലെ മണ്ണിന്റെ ഘടനയനുസരിച്ച് വിളവില്‍ മാറ്റംവരുന്നതിനാല്‍  26ഗ്രാം ലഭിക്കില്ല. അതുകൊണ്ട് തന്നെ കൂടിയ തോതില്‍ കിഴിവ് കര്‍ഷകര്‍ക്ക് വലിയ നഷ്ടംവരുത്തുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ടണ്‍ നെല്ല് പാടത്ത് സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നു. 
 
മഴ തുടരുന്നതിനാല്‍ നെല്ല്  കിളിര്‍ക്കാനും ജലാംശം കൂടാനും ഇടയാക്കും. ബാങ്കുവായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയുമാണ് ബഹുഭൂരിപക്ഷം കര്‍ഷകരും കൃഷിചെയ്യുന്നത്. നെല്ല് സംഭരണം വൈകുന്നത് കര്‍ഷകരെ കടക്കെണിയിലാക്കും. മില്ലുടമകള്‍ സംഘടിതമായിനിന്ന് വിലപേശിയാണ് കര്‍ഷകരെ ദ്രോഹിക്കുന്ന ആയിരം നെല്‍മണി തൂക്കമെന്ന സംവിധാനം ഏര്‍പ്പെടുത്തിയത്.  കോട്ടയത്തുള്ള റാണി റൈസ് മില്ല് രണ്ട് കിലോ കിഴിവ് കുറച്ച് നെല്ല് എടുത്തിരുന്നു. ഇവരുടെ ക്വാട്ട കഴിഞ്ഞതിനാല്‍ നെല്ല് എടുക്കാനാകുന്നില്ല. പ്രതിസന്ധി രൂക്ഷമാക്കിയതിനുപിന്നില്‍ ജില്ലാ പാഡി ഓഫീസറുടെ കുറ്റകരമായ അനാസ്ഥയുണ്ട്. എംപ്ളോയ്മെന്റ് നിയമനം ലഭിച്ച ഇവര്‍ക്ക് ഈ രംഗത്ത് പരിചയക്കുറവുള്ളതിനാല്‍ ഫലപ്രദമായി ഇടപെടാനാകുന്നില്ല. സപ്ളൈകോ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 
 

Related News

കൂടുതൽ വാർത്തകൾ »