Top
19
Sunday, November 2017
About UsE-Paper

തോടുകള്‍ 35 കിലോമീറ്റര്‍ ദൂരത്തില്‍ ജനകീയ കൂട്ടായ്മ നവീകരിച്ചു

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി അഞ്ച് തോടുകളിലെ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നേറുന്നു. കഞ്ഞിക്കുഴി തോട്ടില്‍ യന്ത്രസഹായത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുപ്പതുദിവസം പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലാണ്. കഞ്ഞിക്കുഴി പാലത്തിനുസമീപം ചെളി നീക്കംചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടുതവണ തടസ്സപ്പെട്ടിരുന്നു. ഒരാഴ്ചകൊണ്ട്  അത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. അതിനായി പ്രത്യേക ബാര്‍ജ് നിര്‍മിച്ച് ജറ്റ്പമ്പ് ഉപയോഗിച്ചാണ് ചെളി നീക്കംചെയ്യുന്നത്. 40 വര്‍ഷമായി, ശുചീകരിക്കാതെ കിടന്ന കഞ്ഞിക്കുഴി തോടിന്റെ പുനര്‍ജനി അതോടെ യാഥാര്‍ഥ്യമാകും. കഞ്ഞിക്കുഴി തോട് തുറന്നാല്‍ മാത്രമേ, അയര്‍ക്കുന്നം, വിജയപുരം, മണര്‍കാട് പഞ്ചായത്തുകളിലായി 1100 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനാകൂ.  

മാങ്ങാനം നടേത്തോട്, പേഴ്വേലിക്കുന്ന് തോടുകളുടെ ശുചീകരണം അവസാനഘട്ടത്തിലാണ്. മുണ്ടകപ്പാടം തോട്, മടുക്കാനി ത്തോട് എന്നിവയും ശുചീകരിക്കും. ഐരാറ്റുനടയിലെ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തീകരിക്കും. ശനിയാഴ്ചമുതല്‍ അമയന്നൂര്‍ ഭാഗത്തുനിന്നും പാലമുറി ഭാഗത്തേക്ക് യന്ത്രസഹായത്തോടെ തോട് നവീകരിക്കല്‍ ആരംഭിക്കും. മണിപ്പുഴ തോടിന്റെ നവീകരണ ജോലികള്‍ അവസാനഘട്ടത്തിലേക്കെത്തി. തുരുത്തേല്‍ചിറ-മൂലേടം-മണിപ്പുഴ മേഖലയില്‍ രണ്ട് കിലോമീറ്ററിലേറെ നീളമുള്ള തോടുകളുടെ നവീകരണമാണ് ജനകീയ കൂട്ടായ്മയില്‍ നടക്കുന്നത്. മള്ളൂശ്ശേരി, കുമ്മനം, മുണ്ടാര്‍, കാക്കൂര്‍, കൊല്ലാട്, ഇളംപള്ളി, ചെങ്ങളം തുടങ്ങി പത്ത് തോടുകള്‍ യന്ത്രസഹായത്തോടെ നവീകരിക്കുന്നത് ആരംഭിച്ചു.   ഓരോസ്ഥലത്തും അതത് ദിവസം യന്ത്രസഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സ്ഥാപനങ്ങളും, റസിഡന്‍സ് അസോസിയേഷനുകളും, ക്ളബ്ബുകളും, വ്യക്തികളും സ്പോണ്‍സര്‍ചെയ്താണ് പ്രവര്‍ത്തനം. നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകള്‍ അതത് പ്രാദേശിക കൂട്ടായ്മകളാണ് നവമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത്. 
 
 

Related News

കൂടുതൽ വാർത്തകൾ »