23 September Sunday
ടൂറിസത്തെ തിരിച്ചുപിടിക്കാൻ

കുമരകത്ത് പെഡൽ ബോട്ടിങ‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 കുമരകത്ത് 

പെഡൽ ബോട്ടിങ‌്
 
കോട്ടയം
 കനത്ത മഴയും വെള്ളപ്പൊക്കവും തകർത്തെറിഞ്ഞ ടൂറിസം മേഖലയെ തിരിച്ച്പിടിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും. ഇതിനായി പുതിയ സംവിധാനങ്ങൾ തന്നെ അവതരിപ്പിച്ച‌് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിക്കുന്നു. 
കേരളത്തിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക‌് ഇനിമുതൽ പെഡൽ ബോട്ടിങ്ങിൽ കായലിന്റെ സൗന്ദര്യം ആസ്വദിക്കാം. കുമരകത്ത് എത്തുന്ന ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു പെഡൽ ബോട്ടിങ‌് സംവിധാനം. ഈ മാസം ഏഴുമുതൽ കവണാറ്റിൻകരയിൽ പെഡൽബോട്ടിങ‌് സംവിധാനം ആരംഭിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ബിന്ദുനായർ പറഞ്ഞു. സെപ്തംബർമുതൽ ടൂറിസ്റ്റുകൾ വന്നുതുടങ്ങാൻ സാധ്യതയുള്ളതിനാലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോടിമതയിൽ വാട്ടർ ടൂറിസത്തിനായി വാങ്ങിയ നാല് പെഡൽബോട്ടുകളാണ് കവണാറ്റിൻകരയിൽ ഉപയോഗിക്കുന്നത്. കോടിമതയിൽ വാട്ടർ ടൂറിസം പദ്ധതി പരാജയപ്പെട്ടിരുന്നു. 
മഴയും വെള്ളപ്പൊക്കവും കുമരകത്തെ ടൂറിസം മേഖലയെ കാര്യമായ രീതിയിൽ ബാധിച്ചിരുന്നു. ഇവിടെ റിസോർട്ടുകളടക്കം വെള്ളത്തിൽ മുങ്ങി. കുമരകത്ത് എത്തുന്നതിനായി നേരത്തെ ബുക്ക് ചെയ്തവർ അത് ക്യാൻസൽ ചെയ്തു. നൂറുകണക്കിന് ഹൗസ് ബോട്ടുകളും ശിക്കാർ വള്ളങ്ങളും നിരവധി റിസോർട്ടുകളും കുമരകത്ത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നു. ടൂറിസത്തെ ആശ്രയിച്ച് ടാക്സിയും മറ്റ് അനുബന്ധസ്ഥാപനങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം  കൂപ്പുകുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടൂറിസം മേഖലയെ തിരിച്ചുപിടിക്കാനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത‌് നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായി യോഗം ചേരാനും ആലോചനയുണ്ട്. 
 
പ്രധാന വാർത്തകൾ
Top