19 November Monday

മലയോര മേഖലയെ വിറപ്പിച്ചത്‌ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 ഈരാറ്റുപേട്ട

കനത്ത മഴയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വിവിധ പഞ്ചായത്തുകളിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വില്ലേജ് ഓഫീസർമാരുടെയും പഞ്ചായത്ത് ജീവനക്കാരുടെയും നേതൃത്വത്തിൽ പുരോഗമി ക്കുകയാണ്.
മീനച്ചിൽ താലൂക്കിലെ തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലാണ് നാശനഷ്ടം ഏറെയും. തലനാട് പഞ്ചായത്തിലെ അടുക്കം, മേലടുക്കം, വെള്ളാനി ഭാഗങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്. ഇവിടെ ഏക്കറുകണക്കിന് കൃഷി  നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക‌് ഉണ്ടായത്. ഏക്കറുകണക്കിന് റബർ മരങ്ങൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഭൂരിഭാഗവും വീടുകളും മണ്ണിടിച്ചിലിൽ ഭാഗികമായി തകർന്നു. റബർ കൃഷി മാത്രം ആശ്രയിച്ച് ജീവിച്ച കർഷകർ ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ‌്.
 
 
 
തീക്കോയി പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേല്ക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മീനച്ചിൽ പഞ്ചായത്തിലെ ജീവനക്കാരനായ പിണ്ണാക്കനാട് കണിയാംപടിയിൽ ജോബിയെയാണ് വെള്ളികുളം കട്ടുപ്പാറയ്ക്ക് സമീപമുള്ള ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായത്.  മീനച്ചിൽ തഹസീൽദാരുടെ നേതൃത്വത്തിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ജോബിയുടെ ശരീര ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തി. തീക്കോയി പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിക്കുന്നത‌്.
 ശക്തമായ രണ്ട് ഉരുളുകൾ ഉൾപ്പെടെ പത്തോളം ഉരുളുകളാണ് തീക്കോയി പഞ്ചായത്തിൽ  വിവിധ  ഇടങ്ങളിലായി പൊട്ടിയത്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഏക്കറുകണക്കിന് കൃഷികൾ ഒലിച്ചുപോയി. ഇതിൽ ഏറെയും റബറാണ്. പഞ്ചായത്തിലെ പത്തോളം വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. 
ചാലിൽ കുമാരന്റെ വീടിന് ഭീഷണിയായി നിന്നിരുന്ന പാറ തീക്കോയി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പൊട്ടിച്ച് ഭീഷണി ഒഴിവാക്കി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഉണ്ടായ നാശനഷ്ടം പഞ്ചായത്ത് ഓവർസീയർമാർ വഴി ശേഖരിക്കുകയാണെന്ന് വില്ലേജ് ഓഫീസർ  പറഞ്ഞു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പെരിങ്ങുളം കൈപ്പള്ളി റൂട്ടിൽ ചട്ടമ്പി ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. കൈപ്പള്ളി ഏന്തയാർ റൂട്ടിൽ മുട്ടം ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ റോഡ് തകർന്നു.
 
 
പ്രധാന വാർത്തകൾ
Top