26 September Wednesday
'നമുക്കൊരുക്കാം അവർ പഠിക്കട്ടെ'

എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ പദ്ധതി: ജില്ലാതല പ്രഖ്യാപനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

 
 
പാലാ
എസ്എഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന പദ്ധതിക്ക‌് തുടക്കമായി. പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാൻ പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കി 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' എന്ന പേരിലാണ‌് പദ്ധതി നടപ്പാക്കുന്നത‌്. ഉജ്വല വിദ്യാർഥി റാലിയോടെ പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. 
ജില്ലയിലെ 73 സ്കൂളുകളാണ് എസ്എഫ്ഐ ഏറ്റെടുത്ത് വിദ്യാർഥികൾക്ക് സുഗമമായ പഠന സൗകര്യം ഒരുക്കുന്നത്. അയ്യായിരത്തിൽപരം വിദ്യാർഥികൾക്ക് നോട്ട്ബുക്കുകൾ, ബാഗ്, കുട തുടങ്ങിയ പഠനോപകരണങ്ങൾ ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് പദ്ധതി പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് എം എസ് ദീപക് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, പി എസ് ശ്രീജിത്ത്, കെ പി ആതിര എന്നിവർ സംസാരിച്ചു. എസ്എഫ്ഐ സെക്രട്ടറി കെ എം അരുൺ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ വിഷ്ണു നന്ദിയും പറഞ്ഞു. പദ്ധതി പ്രഖ്യാപനത്തിന് മുന്നോടിയായി കൊട്ടാരമറ്റം ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിലും ഉദ്ഘാടന ചടങ്ങിലും നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
Top