16 July Monday

നികുതി കുറവ് വിലക്കുറവാക്കി മാറ്റാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല: തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

സാമ്പത്തിക സെമിനാര്‍ ഒ എന്‍ വി നഗറില്‍ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനംചെയ്യുന്നു

 കോട്ടയം > ജിഎസ്ടി നടപ്പാക്കിയതുകൊണ്ട് നേട്ടമുണ്ടായത്  കോര്‍പറേറ്റുകള്‍ക്കാണന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു.  സിപിഐ എം  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സെമിനാര്‍ ഒ എന്‍ വി നഗറില്‍(തിരുനക്കര മൈതാനത്ത്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വാസ്തവത്തില്‍ നികുതി കുറഞ്ഞെങ്കിലും അത് ജനത്തിന് ബോധ്യപ്പെടുകയോ ലഭിക്കുകയോ ചെയ്തില്ല.  ജിഎസ്ടി കൌണ്‍സിലില്‍ ഇക്കാര്യം താന്‍ മുന്‍കൂര്‍ പറഞ്ഞതാണ്. അപ്പോള്‍ 'കമ്പോളം തീരുമാനിക്കും വില കുറയ്ക്കുന്ന കാര്യം' എന്നാണ് ചില വന്‍കിടക്കാര്‍ പറഞ്ഞത്. നികുതി കുറവ് വിലക്കുറവായി മാറ്റിയെടുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല. ജിഎസ്ടി വന്നാല്‍ നികുതി കൂടുമെന്നാണ് കേരളം കരുതിയത്. എന്നാല്‍ ജിഎസ്ടി ഫലപ്രദമല്ലാത്തതിനാല്‍ നികുതി ചോരുന്ന അവസ്ഥയാണ് അനുഭവപ്പെടുന്നത്.  ജിഎസ്ടി നടപ്പാക്കിയതും നോട്ട് നിരോധിച്ചത് പോലെയായി. പകരം നോട്ട് അച്ചടിക്കാന്‍ ആറ് മാസമെടുത്തു. റേറ്റിങ് കമ്പനികള്‍ പറഞ്ഞതിന്‍ പ്രകാരമാണ് മോഡിയുടെ എല്ലാ നടപടികളും. ജിഎസ്ടിയുടെ പ്രത്യേകത നികുതിയെത്രയെന്ന് കംപ്യൂട്ടര്‍ പറയും എന്നതാണ്. നേരത്തേ ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയായി പിരിച്ചെടുത്തിരുന്നതെങ്കില്‍ അത് 75,000 കോടിയായി കുറയാന്‍ പോവുകയാണ്. 

ശരീരത്തിലെ രക്തത്തിന് സമമാണ് സമ്പദ്ഘടനയില്‍ നോട്ട്. രക്തം, എത്ര മോശമായാലും  മുഴുവന്‍ ഊറ്റി ചികിത്സിക്കുന്നത് അപകടകരമാണ്. അതുപോലെതന്നെയാണ് നോട്ട് അപ്പാടെ നിരോധിച്ച് വേറേ നോട്ടിറക്കുന്നത്. നോട്ട് നിരോധിച്ചതോടെ കരഞ്ഞത് പാവപ്പെട്ടവരും ചെറുകിട വ്യാപാരികളുമാണ്. രണ്ട് ലക്ഷം ചെറുകിട കമ്പനികളാണ് രാജ്യത്ത് അതേത്തുടര്‍ന്ന് പൂട്ടിപ്പോയത്. വലിയ കള്ളപ്പണക്കാര്‍ നേപ്പാളിലേക്ക് ബാങ്ക് നിക്ഷേപം മാറ്റി. കള്ളപ്പണക്കാരെ പിടിച്ചുകെട്ടിയ ഭരണാധികാരിയെന്ന് മേനിനടിച്ച മോഡിയും ആ നടപടിയെക്കുറിച്ച് ഇന്ന് കേമം പറയുന്നില്ല. ഇപ്പോള്‍ വീമ്പിളക്കുന്നത് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുമെന്നാണ്. എന്നാല്‍ ഒരു സാമ്പത്തിക വിദഗ്ധന്‍ പോലും മോഡിയുടെ പരിഷ്കാരങ്ങളെ അനുകൂലിച്ചില്ലെന്നത് ശ്രദ്ധേയമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രാജ്യത്തൊട്ടാകെ തുടരുകയാണെങ്കിലും രാഷ്ട്രീയ ഇഛാശക്തിയോടെ പാവങ്ങള്‍ക്ക് സമ്പൂര്‍ണ സുരക്ഷ എന്ന ലക്ഷ്യം എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിക്കുകതന്നെ ചെയ്യുമെന്ന് ഐസക് പറഞ്ഞു. 'മേക്ക് ഇന്‍ ഇന്ത്യ' എന്ന മോഡിയുടെ മുദ്രാവാക്യം കപടമെന്ന് ബിജെപി സര്‍ക്കാരിന്റെ പൊതുമേഖലാ വിരോധം തെളിയിക്കുന്നതാണന്ന് സെമിനാറില്‍ അധ്യക്ഷനായ സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ. ബി ഇക്ബാല്‍ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top