19 September Wednesday

ഇനിയെന്തെന്നറിയാതെ ചിലരുണ്ടിവിടെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കുമരകം ആപ്പിത്തറ പുത്തൻപുര കുമാരിയുടെ തകർന്ന വീടിന്റെ ഇഷ്‌ടികകൾ മാറ്റിയിടുന്ന മകൻ അമൽ

 കുമരകം

പെയ്തൊഴിഞ്ഞ മഴയിൽ കുതിർന്നുപോയ  ജീവിതങ്ങൾ വീണ്ടെടുക്കാൻ കേരളം കൈകോർത്തു പ്രവർത്തിക്കുമ്പോഴും എങ്ങോട്ട‌് പോകണമെന്നറിയാതെ  ഓരോദിനവും തള്ളിനീക്കുന്ന അനേകരുണ്ട‌്.  പ്രളയം നൽകിയ ദുരിത ജീവിതവുംപേറി ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ് അപ്പിത്തറ പുത്തൻപുര വീട്ടിൽ കുമാരിയും മക്കളും. വീശിയടിച്ച ശക്തമായ കാറ്റിൽ കുമാരിക്ക് സ്വന്തം വീടുതന്നെ ഇല്ലാതായി. തകർന്ന വീട്ടിൽ ഇനി ജീവിക്കാനാവില്ല. ഭർത്താവ് വിശ്വംഭരൻ ഏഴുവർഷം മുമ്പ‌് മരിച്ചു. മൂന്ന‌് ആൺമക്കളും ഒരു പെൺകുട്ടിയുമാണ‌് കുമാരിക്ക‌്. മകളെ കെട്ടിച്ചയച്ചു. വീടുകളിൽ അടുക്കള ജോലികൾ ചെയ്താണ് കുമാരി കുടുംബം പുലർത്തുന്നത്. മക്കളായ അമലും വിമലും പ്ലസ്ടുവിൽ നല്ല മാർക്കോടെ ജയിച്ചങ്കിലും പണമില്ലാത്തതിനാൽ തുടർപഠനത്തിന്‌ പോകാനായില്ല. മൂത്തമകൻ വിഷ്ണു പെയിന്റിങ‌് തൊഴിലാളിയാണ്. 
 
45 വർഷം മുമ്പ‌് മൺകട്ട കൊണ്ട് പണിത വീടാണ് ഇപ്പോൾ പൂർണമായും ഇടിഞ്ഞു വീണത്. ഇഷ്ടികകൾകൊണ്ട‌് നാല് മുറികൾ തിരിച്ചെങ്കിലും എല്ലാം എപ്പോൾ വേണമെങ്കിലും നിലംപൊത്താം. അടുക്കളഭാഗം പൂർണമായും തകർന്നു. മേൽക്കൂരയും ഓടുകളും ഇളകി ഇരിക്കുകയാണ്. സമീപത്തെ എല്ലാ വീടുകളിലും വെള്ളം കയറിയെങ്കിലും കുമാരിയുടെ വീടിനാണ് പ്രളയം ഏറെ നാശം വിതച്ചത്. അപ്പിത്തറ സ്കൂളിലെ ക്യാമ്പിലായിരുന്നു ഇവർ. എല്ലാവരും സ്വന്തം വീടുകളിലേക്ക‌് മടങ്ങിപ്പോയെങ്കിലും വാടകയ്ക്ക് വീട് എടുത്ത് താമസിക്കാൻ കഴിയാത്തതിനാൽ ഇവർ ഇപ്പോഴും അടുത്തുള്ള സർക്കാർ ഹെൽത്ത് സെന്ററിലെ ഒറ്റമുറിയിൽ തന്നെയാണ് താമസം. വെള്ളാരപ്പള്ളിക്ക‌് സമീപം പൂത്രക്കാലം വീട്ടിൽ  ഭഗവത് സിങിന്റെ വീടും പ്രളയത്തിൽ നശിച്ചു. വീട്ടിലെ എല്ലാമുറിയും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയാണ്. മുറികളിലെ തറ കുഴിഞ്ഞ നിലയിലാണ്. വീട് ഇടിഞ്ഞു വീഴാറായിട്ടും  ഭഗവത് സിങ‌് വീട്ടിലാണ് താമസം. ഡിഗ്രി വിദ്യാർഥിയായ മകൻ അക്ഷയ് ഹോസ്റ്റലിൽ ആണ് താമസം. വീടിന്റെ അവസ്ഥമൂലം അവധി ദിവസങ്ങളിൽ പോലും വീട്ടിൽ തങ്ങാനാവാത്ത അവസ്ഥയാണ്.  ഭഗവത് സിങിന് കൂലിപ്പണിയാണ്. ശാരീരിക അവശതകളാൽ കുറച്ചുനാളായി ജോലിക്ക‌് പോകാനാവാത്ത സ്ഥിതിയാണ്. ക്യാമ്പിൽനിന്നും കിട്ടിയ ഭക്ഷ്യധാന്യങ്ങൾ കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്. വീടിന്റെ ഭിത്തികൾ എല്ലാം വിണ്ടിരിക്കുകയാണ്. രണ്ടു മുറികൾ പൂർണമായി ഇടിഞ്ഞുവീണു. വാസയോഗ്യമായ ഒരുമുറി മാത്രമാണുള്ളത്. ആ മുറിയിലാണ്  ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതും.  
 
 
പ്രധാന വാർത്തകൾ
Top