16 November Friday

റെയിൽവേ ശുചീകരണം അവതാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 

കോട്ടയം 
റെയിൽവേ ശുചീകരണ  കരാർ തൊഴിലാളികളുടെ പണിമുടക്ക് ട്രെയിൻ യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാർക്ക് മൂക്ക് പൊത്താതെ പ്ലാറ്റ്ഫോമിലൂടെ നടക്കാൻ പറ്റാത്ത സാഹചര്യമാണ്. സ്ഥിരം ജീവനക്കാരെക്കൊണ്ട് ശുചീകരണ പ്രവർത്തനം നടത്താനുള്ള റെയിൽവേയുടെ ശ്രമവും വിജയിച്ചില്ല. പ്ലാറ്റ്ഫോമും ട്രാക്കുമടക്കം വൃത്തിഹീനമായി.
രണ്ടുമാസമായി കൂലി നൽകാത്തതിൽ പ്രതിഷേധിച്ച‌് കോട്ടയം റെയിൽവേ സ‌്റ്റേഷനിലെ തൊഴിലാളികൾ സമരം തുടങ്ങിയിട്ട് മൂന്നുദിവസമായി. റെയിൽവേ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ(സിഐടിയു) നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. രണ്ട് തമിഴ്നാട്ടുകാരടക്കം 30തോളം പേരാണ് ഇവിടെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നത്. ഭൂരിഭാഗവും സ്ത്രീകൾ. പ്ലാറ്റ്ഫോം വൃത്തിയാക്കൽ, ട്രാക്ക് കഴുകൽ, മാലിന്യം നീക്കൽ അടക്കമുള്ള ജോലി കൂടാതെ കഞ്ഞിക്കുഴി മുതൽ കുമാരനല്ലൂർ വരെയുള്ള ട്രാക്കിലെ മുഴുവൻ ശുചീകരണവും ഇവർ തന്നെ. റെയിൽവേ സ്റ്റേഷനിലെ ശുചിമുറി, ക്വാർട്ടേഴ്സ്, ഹോട്ടലുകളുടെ  മാലിന്യക്കുഴികൾ അടക്കമുള്ളവ വൃത്തിയാക്കുന്നതും ഇവർ തന്നെ. തൊഴിലാളികൾ പണിമുടക്കിയതോടെ പ്രവർത്തനങ്ങൾ താറുമാറായി.
370 രൂപയാണ് തൊഴിലാളികൾക്ക് ഒരുദിവസത്തെ കൂലി. പാവപ്പെട്ടവരായ ഇവരുടെ ദുരിതം കൂലി ലഭിക്കാത്തതിനെ തുടർന്ന് ഇരട്ടിയായി. മെയ്, ജൂൺ മാസങ്ങളിലെ കൂലി നൽകാത്തതിൽ പ്രതിഷേധിച്ച‌്  തൊഴിലാളികൾ സ്റ്റേഷനു മുന്നിലാണ‌് അനിശ്ചിതകാല സമരം ആരംഭിച്ചത്.  ഉത്തർപ്രദേശ് സ്വദേശിയും ബിജെപിയുടെ പ്രാദേശിക നേതാവാണ‌്  കരാറുകാരൻ. തൊഴിലാളികൾക്ക് കൂലി നൽകാൻ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെൻട്രൽ ലേബർ കമീഷൻ, ജില്ലാ ലേബർ ഓഫീസർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സിഐ, സ്റ്റേഷൻ മാനേജർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. 
 
പ്രധാന വാർത്തകൾ
Top