19 October Friday
സമ്മേളനത്തിന് കൊടി ഉയര്‍ന്നു

ധീരസ്മരണയില്‍ ഉജ്വലാരംഭം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക സി എസ് ഗോപാലപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ജാഥാ ക്യാപ്ടന്‍ ബി ശശികുമാറിന് കൈമാറുന്നു

 കോട്ടയം > ചരിത്രമുറങ്ങുന്ന തിരുനക്കരയില്‍ പ്രതീക്ഷയുടെ ചെങ്കൊടി പാറി. ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായി സിപിഐ എം ജില്ലാ സമ്മേളനത്തിന് തിരുനക്കര മൈതാനിയില്‍ പതാക ഉയര്‍ന്നു. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് നാന്ദികുറിച്ച് പൊതുസമ്മേളനനഗറായ സ. പി കൃഷ്ണപിള്ള നഗറില്‍ ഉയര്‍ന്ന പതാകക്ക് മൈതാനത്തില്‍ തിങ്ങിക്കൂടിയ വന്‍ജനാവലി അഭിവാദ്യമേകി. അധ്വാനിക്കുന്നവന്റെ എക്കാലത്തെയും പ്രതീക്ഷയും പ്രത്യാശയുമായ പ്രസ്ഥാനത്തിന്റെ ജില്ലയിലെ ഏറ്റവും വലിയ സമ്മേളനത്തിന്, പൂര്‍വകാല നേതാക്കളുടെയും രക്തസാക്ഷികളുടെയും ധീരസ്മരണയില്‍ ഉജ്വലാരംഭം.

പൊതുസമ്മേളനനഗറിലും പ്രതിനിധി സമ്മേളനനഗറിലും ഉയര്‍ത്തേണ്ട പതാക, കൊടിമരം, കപ്പി-കയര്‍, ബാനര്‍ എന്നിവയും ഛായാചിത്രങ്ങളും വിവിധ സ്മൃതിമണ്ഡപങ്ങളില്‍നിന്ന് ജാഥയായാണ് തിരുനക്കരയിലെത്തിയത്. വൈകിട്ട് ആറോടെ മൈതാനത്തെത്തിയ ജാഥകളെ കാത്തുനിന്ന ജനാവലി ആവേശത്തോടെ സ്വീകരിച്ചു. അകമ്പടിയായി ചെണ്ടമേളവുമുണ്ടായി. ലോകമാകെയുള്ള തൊഴിലാളിവര്‍ഗം നെഞ്ചേറ്റിയ ചെങ്കൊടി സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ വാനിലേക്കുയര്‍ത്തിയപ്പോള്‍ അന്തരീക്ഷം മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. കരിമരുന്ന് പ്രകടനവുമുണ്ടായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ സമ്മേളന സന്ദേശം നല്‍കി. റെഡ് വളണ്ടിയര്‍മാര്‍ പതാകവന്ദനം നടത്തി. മാറ്റത്തിന്റെയും മാനവികതയുടെയും പുതിയ പ്രത്യാശ പകര്‍ന്ന് ജില്ലാ സമ്മേളനം ചൊവ്വാഴ്ച പ്രതിനിധി സമ്മേളനത്തിലേക്ക് കടക്കും.
കോട്ടയത്ത് സ. സി എസ് ഗോപാലപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് ബി ശശികുമാറിന്റെ നേതൃത്വത്തില്‍ പൊതുസമ്മേളന നഗറിലേക്കുള്ള പതാക ജാഥയുടെ ഉദ്ഘാടനം വി എന്‍ വാസവന്‍ നിര്‍വഹിച്ചു. പതാക തിരുനക്കരയില്‍ അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക വൈക്കത്ത് സ. പി കൃഷ്ണപിള്ള സ്മൃതിമണ്ഡപത്തില്‍നിന്ന് കെ അരുണന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ഉദ്ഘാടനം അഡ്വ. പി കെ ഹരികുമാര്‍ നിര്‍വഹിച്ചു. പതാക വി എന്‍ വാസവന്‍ ഏറ്റുവാങ്ങി. 
അഡ്വ. റെജി സക്കറിയ ക്യാപ്റ്റനായി പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനം കൃഷ്ണകുമാരി രാജശേഖരനും പി എന്‍ ബിനു ക്യാപ്റ്റനായി പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരജാഥ എം ടി ജോസഫും ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് ജോസഫ് ക്യാപ്റ്റനായി പൊതുസമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും ജാഥ രമാ മോഹന്‍ ഉദ്ഘാടനംചെയ്തു. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും ജാഥക്ക് കെ രാജേഷ് നേതൃത്വംനല്‍കി. പി എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വി ജി ലാലിന്റെ നേതൃത്വത്തില്‍ പൊതുസമ്മേളന നഗറിലേക്കുള്ള ബാനര്‍ ജാഥ പ്രൊഫ. ആര്‍ നരേന്ദ്രനാഥും പി എം ജോസഫിന്റെ നേതൃത്വത്തില്‍ പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനര്‍ ജാഥ ലാലിച്ചന്‍ ജോര്‍ജും ഉദ്ഘാടനംചെയ്തു. കപ്പി-കയര്‍, ബാനര്‍ എന്നിവ എ വി റസ്സല്‍, സി ജെ ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്, പി ജെ വര്‍ഗീസ് എന്നിവര്‍ ഏറ്റുവാങ്ങി. 
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ഛായാചിത്രങ്ങള്‍ കടുത്തുരുത്തിയില്‍ സി ജെ ജോസഫ്, പി വി സുനില്‍, പാമ്പാടിയില്‍ കെ സി ജോസഫ്, പുതുപ്പള്ളിയില്‍ പി ജെ വര്‍ഗീസ്, ചങ്ങനാശേരിയില്‍ എ വി റസ്സല്‍, അയര്‍ക്കുന്നത്ത് ടി ആര്‍ രഘുനാഥന്‍, തിരുവാര്‍പ്പില്‍ അഡ്വ. കെ അനില്‍കുമാര്‍, ഏറ്റുമാനൂരില്‍ കെ എന്‍ രവി, തലയോലപ്പറമ്പില്‍ ഇ എം കുഞ്ഞുമുഹമ്മദ് എന്നിവര്‍ ഉദ്ഘാടനംചെയ്തു. പൊതുസമ്മേളനനഗരിയില്‍ അഡ്വ. കെ അനില്‍കുമാര്‍, എം കെ പ്രഭാകരന്‍, ബി ശശികുമാര്‍, സി എന്‍ സത്യനേശന്‍, ബി ആനന്ദക്കുട്ടന്‍, സുനില്‍ തോമസ്, എം എച്ച് സലിം, കെ വി ബിന്ദു, ജെയ്ക് സി തോമസ് എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലയിലെ പാര്‍ടിയുടെ സമുന്നത നേതാക്കളായിരുന്ന കെ കെ ജോസഫ്, കെ എം എബ്രഹാം, എം കെ സുകുമാരന്‍, പി ജെ ശാമുവല്‍, എം ജി രാമചന്ദ്രന്‍, വി ആര്‍ രാമന്‍കുട്ടി, എം പി ദേവസ്യ, വി കെ ഗോപിനാഥന്‍, ഉമാദേവി അന്തര്‍ജനം എന്നിവരുടെ ഛായാചിത്രങ്ങളാണ് എത്തിച്ചത്.
ചൊവ്വാഴ്ച വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ (കോട്ടയം മാമ്മന്‍ മാപ്പിള ഹാള്‍) പ്രതിനിധി സമ്മേളനം ആരംഭിക്കും.  
പ്രധാന വാർത്തകൾ
Top