15 November Thursday

ക്യാമ്പുകൾ തുറന്നു; ആൾനാശം കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
ദുരിതാശ്വാസ ക്യാമ്പുകൾ നേരത്തെതന്നെ തുറന്നതിനാൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ വൻ തോതിലുള്ള ആൾനാശം ഒഴിവായി. പഞ്ചായത്തും വില്ലേജ് അധികൃതരും നാട്ടുകാരുടെ സഹായത്തോടെ നിരവധി ക്യാമ്പുകളാണ് രണ്ടുഘട്ടമായി ഇവിടെ ഒരുക്കിയത്. 980 കുടുംബങ്ങളിലെ 3100 പേരാണ് ക്യാമ്പിൽ എത്തിയത്. 
ഇടുക്കി അണക്കെട്ടു തുറക്കുന്നതിനാൽ ആഗസ്ത് ഒമ്പതിന് 200 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പിന്നീട് ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടങ്ങിയതോടെ നിരവധി ക്യാമ്പുകൾ തുറന്നു. പെരിയാർവാലി, പകുതിപ്പാലം പ്രദേശങ്ങളിലെ അറുന്നൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വീടുകൾ പലതും തകർന്നെങ്കിലും കനത്ത ആൾനാശം ഒഴിവാക്കാൻ ഇതുമൂലം കഴിഞ്ഞു. പ്രകൃതിക്ഷോഭം രൂക്ഷമായ ആഗസ്ത് 15നു മാത്രം ഒമ്പതു ക്യാമ്പുകളാണ് തുറന്നത്. 
ക്യാമ്പുകളിൽനിന്ന് ഭൂരിപക്ഷത്തിനെയും ഭാഗികമായെങ്കിലും പുനരധിവസിപ്പിക്കാൻ ഇതിനകം കഴിഞ്ഞു. വീട് നഷ്ടപ്പെട്ട പലരും ബന്ധുവീടുകളിലേക്കാണ് മടങ്ങിയത്. എട്ടു കുടുംബങ്ങൾക്ക് വാടക വീട് സംഘടിപ്പിച്ചു നൽകി. ആൽപ്പാറ സർക്കാർ ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് ഇപ്പോൾ പട്ടികജാതി വനിതാ തൊഴിൽ പരിശീലന കേന്ദത്തിലേക്ക് മാറ്റിയിട്ടുണ്ട്. നങ്കി സിറ്റി സർക്കാർ എൽപി സ്കൂളിന്റെ പ്രവർത്തനരഹിതമായ കെട്ടിടത്തിലാണ്‌ മറ്റൊരു ക്യാമ്പ് തുടരുന്നത്. രണ്ടു ക്യാമ്പുകളിലുമായി ഇപ്പോഴുള്ളത് നൂറിലേറെ പേർ മാത്രം. ഇതിൽ കുറെപ്പേരെ കൂടി ഉടൻ പുനരധിവസിപ്പിക്കും. പോകാൻ ഇടമില്ലാത്ത അമ്പതിൽതാഴെ പേരുണ്ട്. അവരെയും പുനരധിവസിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top