12 December Wednesday
സ്വന്തം ലേഖകൻ

എടിഎം കവർച്ചശ്രമം: സംഘത്തിൽ രണ്ടുപേരെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 30, 2018
കൊല്ലം
കുണ്ടറ എടിഎം കവർച്ചശ്രമക്കേസിൽ അന്വേഷണം ഊർജിതം. എടിഎമ്മിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷണസംഘത്തിൽ രണ്ടുപേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ക്യാമറയുടെ ഡിവിആർ മോഷ്ടാക്കൾ കടത്തിയത് അന്വേഷണത്തെ ബാധിക്കുന്നു. കൊല്ലം ഭാഗത്തേക്കുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. 
കുണ്ടറ‐ കണ്ണനല്ലൂർ റോഡിൽ മൊയ്തീൻ മുക്കിനു സമീപത്തെ ഇന്ത്യാവൺ എടിഎമ്മിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. എടിഎമ്മിൽ കയറിയ മോഷ്ടാവ് സിസിടിവി ക്യാമറ നശിപ്പിച്ചു. ക്യാമറയുടെ ദിശ മാറ്റിവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിവിആർ ഇളക്കിമാറ്റി. കുണ്ടറ സിഐ ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എടിഎമ്മിനു പുറത്തുള്ള സിസിടിവി ക്യാമറകളിൽനിന്ന‌് മുഖംമൂടി ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഈ ദൃശ്യങ്ങൾ വ്യക്തമല്ല. ഫുൾകൈ ഷർട്ടും പാന്റ‌്സും ധരിച്ച രണ്ടുപേർ ഡിവിആർ തലയിൽവച്ച് കൊണ്ടുപോകുന്ന ദൃശ്യമാണ് ലഭിച്ചത്. ഇവർക്ക് പഴയ മോഷണക്കേസുകളിലെ പ്രതികളുമായി രൂപസാദൃശ്യമുള്ളതായി കണ്ടെത്താനായിട്ടില്ല. 
മുക്കട ഭാഗത്തേക്കുള്ള സിസിടിവി ക്യാമറകളും പരിശോധിച്ചുവരുന്നു. സംഭവം നടന്ന രാത്രി 12നും 1.30നും ഇടയിൽ എടിഎമ്മിനു സമീപത്തായി വാഹനങ്ങൾ വന്നുപോകുന്ന  ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. എന്നാൽ, മോഷ്ടാക്കൾ വാഹനം ഉപയോഗിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷക സംഘം. 
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. സംഭവദിവസം രാത്രി 12നും 1.30നും ഇടയിലുള്ള ഫോൺകോളുകളാണ് പൊലീസ് പരിശോധിക്കുന്നത്. കൗണ്ടറിലെ  വൈദ്യുതിബന്ധം മോഷ്ടാക്കൾ വിച്ഛേദിച്ചിരുന്നു.  ഫോറൻസിക് സംഘം തെളിവ‌് ശേഖരിച്ചു. സുരക്ഷാജീവനക്കാരില്ലാത്ത എടിഎം കൗണ്ടറാണിത്. 
സംഭവത്തിന് തഴുത്തല എടിഎം കവർച്ചയുമായി ബന്ധമുണ്ടോയെന്നത‌് പരിശോധിക്കുന്നു. മാർച്ച് 18ന് പുലർച്ചെ മൂന്നിനാണ് തഴുത്തലയിലെ ഇന്ത്യാവൺ  ബാങ്കിന്റെ എടിഎമ്മിൽ കവർച്ച നടന്നത്. കേസിലെ പ്രതികൾ ഹരിയാന പൽവാൽ ജില്ലയിലെ മേവാസ് ഗ്രാമവാസികളാണ്. ഇവരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ‌്ചെയ്തിരുന്നു. മൂന്നു പ്രതികൾ ഒളിവിലാണ‌്.
പ്രധാന വാർത്തകൾ
Top