15 November Thursday

മഴക്കെടുതി: കൊല്ലത്തുനിന്ന് സന്നദ്ധ സേവനത്തിനായി 200 അംഗ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കൊല്ലം

മഴക്കെടുതിയിൽ ചെളിനിറഞ്ഞ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനായി ജില്ലയിൽനിന്ന് കൂടുതൽ പേർ രംഗത്തിറങ്ങുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വ്യാഴാഴ‌്ച മൂന്നു ബസിലായി 200 പേരാണ് പുറപ്പെടുക. 
വിവിധ ഐടിഐകൾ, ശ്രീനാരായണ പോളിടെക്‌നിക്, ബിഷപ് ജെറോം എൻജിനിയറിങ‌് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, ട്രെയ‌്നികൾ എന്നിവർക്കൊപ്പം ഇലക്‌ട്രോണിക്‌സ് സർവീസ് അസോസിയേഷൻ അംഗങ്ങളും സംഘത്തിലുണ്ട്. 
ശുചീകരണത്തോടൊപ്പം വയറിങ‌്, പ്ലംബിങ‌്, തടിപ്പണി തുടങ്ങിയവയും നിർവഹിക്കാൻ വൈദഗ്ധ്യമുള്ളവരാണ് സന്നദ്ധ സേവനത്തിന് ഇറങ്ങുന്നത്. കുടുംബശ്രീ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ നടത്തുന്ന സേവനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു കൂട്ടായ്മ പ്രളയബാധിതർക്ക് കൈത്താങ്ങൊരുക്കുന്നത്. 
വരുംദിവസങ്ങളിൽ കൂടുതൽ സന്നദ്ധസേവകരെ ദുരിതബാധിത മേഖലകളിൽ വിന്യസിക്കാനാകുമെന്ന് ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ  എസ‌് ഐസക് അറിയിച്ചു. സേവന സന്നദ്ധത അറിയിക്കാനായി 9995879699, 7188120322 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 
ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും ചേർന്ന് രൂപീകരിച്ച നൈപുണ്യ കർമസേന ആലപ്പുഴ ജില്ലയിലെ കുറ്റൂർ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അങ്ങാടി, പഴവങ്ങാടി, കോയിപ്പുറം എന്നിവിടങ്ങളിൽ ശുചീകരണം  നടത്തി. ആറന്മുള കോ ഓപ്പറേറ്റീവ് എൻജിനിയറിങ‌് കോളേജിലെ ശുചീകരണവും ഇലക്ട്രിക്, പ്ലംബിങ‌് ജോലികളും അനുബന്ധമായി നടത്തി. മൂന്നൂറിലധികം വരുന്ന സംഘമാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top