25 September Tuesday

മണ്ണിടിച്ചിൽ ഭീഷണിയിൽ പുനലൂർ‐ചെങ്കോട്ട റെയിൽപ്പാത

സ്വന്തം ലേഖകൻUpdated: Wednesday Aug 29, 2018
പുനലൂർ
വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിലാണ്  പുനലൂർ  ചെങ്കോട്ട റെയിൽപ്പാത  . രണ്ടാഴ്ചത്തെ കനത്ത മഴയിൽ തെന്മലയിൽ മൂന്നിടത്ത്
 മണ്ണിടിഞ്ഞുവീണതിനെ തുടർന്ന‌് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണ്ണിടിഞ്ഞുവീണിരുന്ന പുനലൂർ ചെങ്കോട്ട റെയിൽപ്പാതയിൽനിന്ന‌് മണ്ണും പാറയും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി . എന്നാൽ, ട്രെയിൻ ഗതാഗതം പുനരാരംഭിച്ചിട്ടില്ല.  മധുര ഡിവിഷന്റെ ചുമതലയുള്ള സേഫ്ടി ഓഫീസർ മനോഹരൻ, ഡിവിഷണൽ എൻജിനിയർ പ്രഭാകർ എന്നിവരുടെ നേതൃത്വത്തിൽ  രണ്ട് ട്രോളികളിലായാണ്  കഴിഞ്ഞ ദിവസം പാതയിൽ പരിശോധന നടത്തിയത്. 
 തെന്മല എംഎസ്എൽ  ഭാഗത്തിനടുത്താണ് ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടായത്. തെന്മല, ന്യൂ ആര്യങ്കാവ്, കോട്ടവാസൽ എന്നിവിടങ്ങളിലും മണ്ണിടിഞ്ഞു പാതയിലേക്ക് വീണിരുന്നു. ഗേജ്മാറ്റത്തിന്റെ ഭാഗമായി ഇവിടെ  റെയിൽവേ നിർമിച്ച സംരക്ഷണമതിൽ  30 മീറ്റർ നീളത്തിൽ പാളത്തിലേക്ക‌് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ പാതയിൽ സർവീസുകൾ നിലയ്ക്കുകയും ചെയ്തു. മറ്റിടങ്ങളിൽ വീണ മണ്ണ് വേഗത്തിൽ നീക്കിയെങ്കിലും എംഎസ്എൽ ഭാഗത്തെ മണ്ണ് നീക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ഒരാഴ്ചകൊണ്ടാണ് മണ്ണ് നീക്കം ചെയ്തത്. പാളത്തിലേക്ക് വീണ കൂറ്റൻ പാറകൾ ജാക് ഹാമർ ഉപയോഗിച്ചാണ് പൊട്ടിച്ചുനീക്കിയത്.  മണ്ണ് നീക്കംചെയ്ത ശേഷം ഞായറാഴ്‌ച പകൽ  പാതയിൽ പരീക്ഷണാർഥം എൻജിൻ ഓടിച്ചിരുന്നു. ചെങ്കോട്ടയിൽനിന്ന‌് തെന്മലവരെയായിരുന്നു പരീക്ഷണ ഓട്ടം. ഇതിനു പിന്നാലെയാണ് കൂടുതൽ പരിശോധനകൾക്കായി  തിങ്കളാഴ്‌ച മധുര ഡിവിഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ  എത്തിയത് . 
പരിശോധനയുടെ റിപ്പോർട്ട്‌  ദക്ഷിണ റെയിൽവേ ഡിവിഷൻ മാനേജർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാകും ട്രെയിൻ സർവീസ് പുനരാരംഭിക്കുക. തെന്മല എംഎസ്എൽ ,ആര്യങ്കാവ് എന്നിവിടങ്ങളിൽ ഏതുസമയത്തും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത ഉണ്ടെന്നും പരിശോധകർ വ്യക്തമാക്കി. കൊല്ലത്തിനും ചെങ്കോട്ടയ്ക്കുമിടയിൽ ഉദ്യോഗസ്ഥർ ഏറെ ആശങ്കയോടെ സമീപിക്കുന്ന പ്രദേശമാണ് 40 കിലോമീറ്റർ നീളുന്ന പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന  പുനലൂർ ചെങ്കോട്ടഭാഗം. 
മീറ്റർഗേജ് ബ്രോഡ്ഗേജ് പാതയ്ക്ക് വഴിമാറിയപ്പോൾ മലയോരപാതയുടെ ഇരുവശവും വീതി കൂട്ടിയിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. ഇടമൺ മുതൽ കോട്ടവാസൽ വരെയാണ് കൂടുതൽ ഭീഷണിയായി മൺതിട്ടകളും മരങ്ങളും റെയിൽപ്പാതയുടെ ഇരുവശങ്ങളിലുമുള്ളത്. മലയിടിച്ച് പാതയ്ക്ക് വീതി വർധിപ്പിച്ചപ്പോൾ ചരിവോടെയല്ല മണ്ണെടുത്തത്. ഇതാണ് ചെറിയ മഴയിലും മണ്ണിടിച്ചിലിനും മരം വീഴാനും ഇടയാക്കുന്നത്.അപകട ഭീഷണിയുള്ള ഭാഗങ്ങളിൽ ഗാബിയൻ രീതിയിൽ കരിങ്കൽ ഭിത്തി നിർമിച്ചാലേ പ്രശ്നപരിഹാരമാകു. ഭീഷണിയായുള്ള മരങ്ങളും പാറകളും നീക്കം ചെയ്യണം.ഗേജ്മാറ്റ വേളയിൽ  അശാസ്ത്രീയമായായിരുന്നു പാതനിർമാണം. ഏതു വിധേനയും ട്രെയിൻ ഓട്ടം തുടങ്ങുക എന്നത് മാത്രമായിരുന്നു റെയിൽവേ അധികൃതർ ലക്ഷ്യമിട്ടത്.
പ്രധാന വാർത്തകൾ
Top