21 September Friday

വിദേശമദ്യശാലകളില്‍ ഋഷിരാജ് സിങ്ങിന്റെ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

കൊല്ലം

ഓണം പ്രമാണിച്ച് എൻഫോഴ‌്‌സ‌്മെന്റ‌് പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് കമീഷണർ ഋഷിരാജ് സിങ‌് കൊല്ലം ചിന്നക്കടയിലുള്ള ചില്ലറ വിദേശമദ്യവിൽപ്പനശാലകളിൽ നേരിട്ടെത്തി പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് മദ്യവിൽപ്പനശാലകളിൽ എല്ലാത്തരം മദ്യത്തിന്റെയും ലഭ്യത ഉറപ്പു വരുത്തുമെന്നും അബ്കാരി ചട്ടങ്ങൾ പാലിച്ച് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കുന്നത് ഉറപ്പുവരുത്തുമെന്നും എക്സൈസ് കമീഷണർ പറ‍ഞ്ഞു. ജില്ലാതലത്തിൽ ഓണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങൾ എക്സൈസ് കമീഷണർ അവലോകനം ചെയ്തു. കഴിഞ്ഞ ഒന്നു മുതൽ കൺട്രോൾ റൂമുകൾ, സ്ട്രൈക്കിങ‌് ഫോഴ്സുകൾ, പൊലീസ്, റവന്യൂ, വനം, മറൈൻ എൻഫോഴ്സ‌്‌മെന്റ‌് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന‌് സംയുക്ത റെയ്ഡുകൾ നടത്തിവരികയാണ്. ഇതി​ന്റെ ബാ​ഗമായി 805 റെയ്ഡ‌് നടത്തി 71 അബ്കാരി കേസും 40 മയക്കുമരുന്നു കേസും 292 കോട്പ കേസും രജിസ്റ്റര്‍ ചെയ്തു.
അബ്കാരി കേസുകളിൽ 56 പ്രതികളെയും മയക്കുമരുന്നു കേസുകളിൽ 45 പ്രതികളെയും അറസ്റ്റ് ചെയ്തു. 59 ലിറ്റർ ചാരായം, 105 ലിറ്റർ വിദേശമദ്യം, 134 ലിറ്റർ അരിഷ്ടം, 3300 ലിറ്റർ വ്യാജവാറ്റിന് പാകപ്പെടുത്തിയ കോട, 7.676 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 15630 രൂപ, മൂന്നു ലിറ്റർ കളർ ചേർത്ത മദ്യം, 120 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടികൂടി. 58,400 രൂപ പിഴ ഈടാക്കി. ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജി മുരളീധരൻനായർ, അസിസ്റ്റന്റ് എക്സൈസ് കമീഷണർ പി കെ സനു എന്നിവരാണ് നേതൃത്വം നൽകിയത്. മദ്യ‐ മയക്കുമരുന്ന് സംബന്ധമായ പരാതികളും രഹസ്യവിവരങ്ങളും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണറുടെ 9496002862 എന്ന നമ്പരിൽ അറിയിക്കണമെന്നും വിവരം തരുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അസിസ്റ്റന്റ് എക്സൈസ് കമീഷണർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top