20 November Tuesday
സ‌്നേഹത്തിന്റെ കൊല്ലം മോഡൽ

ജില്ലാ ഭരണകേന്ദ്രം ഇതുവരെ അയച്ചത‌് 56 ലോഡ‌് അവശ്യവസ‌്തുക്കൾ

സ്വന്തം ലേഖികUpdated: Friday Aug 24, 2018
കൊല്ലം
പ്രളയതാണ്ഡവത്തിൽ ജീവിതം തകർന്നടിഞ്ഞവരെ തിരികെപ്പിടിക്കാൻ  ജില്ലയിലെ പ്രധാന  സാധനശേഖരണകേന്ദ്രമായ കൊല്ലം ടി എം വർഗീസ‌് ഹാളിൽനിന്ന‌് ഇതിനകം  അയച്ചത‌്  56 ലോഡിലേറെ സാധനങ്ങൾ. ദുരിതാശ്വാസ ക്യാമ്പിലേക്കും പ്രളയബാധിത പ്രദേശങ്ങളിലേക്കും   22540 കിലോ   അരിയും 3145 കിലോ പയറും 8648 കിലോ റവയും 1200 കിലോ അരിപ്പൊടിയും ഉൾപ്പെടെ ടൺ കണക്കിന‌് സാധനങ്ങളാണ‌്   ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള സംഭരണകേന്ദ്രത്തിൽനിന്ന‌് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക‌് അയച്ചത‌്.  
ഇതിൽ പുതുവസ‌്ത്രങ്ങളും ഉൾപ്പെടുന്നു.  1317 കിലോ ആട്ട, 1416 കിലോ അവൽ, 2089 കിലോ ബേബി ഫുഡ‌്, 12865 കിലോ പഞ്ചസാര, 48224 ബ്രഡ‌് എന്നിവ ഉൾപ്പെടുന്നു. 574 ഡയപ്പർ, 8255 കുളിക്കുന്ന സോപ്പ‌്, 2019 കിലോ ബ്ലീച്ചിങ‌് പൗഡർ, 6089 ബഡ‌്ഷീറ്റ‌്, 1850 ബ്ലാങ്കറ്റ‌് എന്നവയും അയച്ചതിൽ ഉൾപ്പെടുന്നു. 
വസ‌്തുക്കൾ  തരം തിരിച്ച‌് പാക്ക‌് ചെയ‌്താണ‌് ചെങ്ങന്നൂർ, പത്തനംതിട്ട, കോന്നി, തിരുവല്ല, ആലപ്പുഴ, ഹരിപ്പാട‌്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക‌് ടോറസ‌് ലോറികളിൽ അയച്ചത‌്. ക്യാമ്പ‌് ചുമതലയുള്ള റവന്യൂ അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ചാണ‌് സാധനങ്ങൾ കയറ്റി അയക്കുന്നത‌്. വിവിധ ഇടങ്ങളിൽനിന്ന‌് ടി എം വർഗീസ‌് ഹാളിൽ എത്തുന്നവർക്ക‌് ഒറ്റലക്ഷ്യം മാത്രമാണ‌്. പ്രളയം തകർത്തവരെ തങ്ങൾക്ക‌് കഴിയുന്ന വിധം സ    ഹായിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ പോലും ഇവിടേക്ക‌് ഭക്ഷ്യവസ‌്തുക്കളും മറ്റുമായി പ്രവഹിക്കുകയാണ‌്. ടൺ         കണക്കിന‌്  നിത്യോപയോഗ സാധനങ്ങളാണ‌്  ജില്ലയിലെ പ്രധാന സംഭരണകേന്ദ്രമായ ഇവിടേക്ക‌് എത്തിക്കുന്നത‌്.  കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ തങ്ങളാൽ കഴിയുന്ന സഹായവുമായി  ടി എം വർഗീസ‌് ഹാളിലേക്ക‌് ഒഴുകുകയാണ‌്. അഞ്ച‌ു  ദിവസങ്ങളിലായി ഇവിടേക്ക‌് എത്തിയത‌് പതിനായിരങ്ങളാണ‌്.  ഓണാവധിയായിട്ടും കുട്ടികളും അധ്യാപകരും ഉൾപ്പെടെയുള്ളവരുടെ നീണ്ടനിരയാണ‌് സാധനം കൈമാറാനായി എത്തുന്നത‌്.  
നിരവധി ഭിന്നശേഷിക്കാരും ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ എത്തുന്നുണ്ട‌്. ലോറികളിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനുമെല്ലാം സന്നദ്ധ പ്രവർത്തകർ നടത്തുന്ന  സേവനം നിസ‌്തുലമാണെന്ന‌് അധികൃതർ പറഞ്ഞു. ഭക്ഷ്യവസ‌്തുക്കൾ തരംതിരിക്കാനും പാക്ക‌് ചെയ്യാനുമെല്ലാം ജില്ലയിലെ പ്രൊഫഷണൽ കോളേജുകളിൽനിന്ന‌് ഉൾപ്പെടെയുള്ള  വിദ്യാർഥികളുടെ സേവനവും ലഭ്യമാണ‌്.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top