18 November Sunday

പാർവതി മിൽ പ്രവർത്തനം നിലച്ചിട്ട് 10 വർഷം

ബി ആർ ശ്രീകുമാർUpdated: Saturday Jun 23, 2018
കൊല്ലം
 ഒരുകാലത്ത് കൊല്ലത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന പാർവതി മില്ലിന്റെ പ്രവർത്തനം നിലച്ചിട്ട് പത്തുവർഷം കഴിയുന്നു. നഗരഹൃദയത്തില 16 ഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാർവതി മില്ലിലെ കോടികൾ വിലമതിക്കുന്ന യന്ത്രങ്ങൾ തുരുമ്പെടുത്ത‌്  നാശോന്മുഖമായി. കൊല്ലം നഗരത്തിൽ ഇത്രയേറെ സ്ഥലം സ്വന്തമായുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനമില്ല. 16 ഏക്കറിന് നിലവിലുള്ള വിപണി വില കണക്കാക്കിയാൽ കോടികൾ വരും. 
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ (എൻടിസി) ദേശീയ  ടെക‌്സ്റ്റൈൽസ‌് കോർപറേഷനു കീഴിലുള്ള പാർവതി മിൽ ഇനി പഴയ പ്രൗഢിയിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള സാധ്യത വിരളമാണ്. കേന്ദ്രസർക്കാർ  മിൽ നവീകരണത്തിനു തയ്യാറാക്കിയ പല നടപടികളും ജലരേഖയായി. സംസ്ഥാന സർക്കാർ മിൽ പ്രവർത്തനങ്ങൾക്കായി നിരവധി നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. 
പതിവുപോലെ രാവിലെ കൃത്യം ഏഴിന് 51 ജീവനക്കാർ എത്തി വൈകിട്ട‌് അഞ്ചിന് തിരിച്ചുപോകും. സ്ഥാപനം പൂട്ടിക്കിടക്കുന്നതിനാൽ ഇവർക്ക് ചെയ്യാൻ ജോലിയൊന്നുമില്ല. പാർവതിമിൽ പൂട്ടിയിട്ട നാൾ മുതൽ ഈ പതിവ് തുടരുകയാണ്.
 2008ൽ പ്രവർത്തനം നിലച്ച മില്ലിന്റെ നവീകരണം ലക്ഷ്യമിട്ട് കേന്ദ്ര ടെക‌്സ്റ്റൈൽ മന്ത്രാലയം പലതവണ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 2012ൽ അന്നത്തെ ടെക‌്സ്റ്റൈൽ മന്ത്രിയായിരുന്ന പനമ്പക ലക്ഷ‌്മി പാർവതിമില്ലിലെത്തി സ്ഥാപനം നവീകരിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പു നൽകിപ്പോയെങ്കിലും നടപടിയൊന്നുമായില്ല. പിന്നീട് നിരവധി തവണ പ്രഖ്യാപനങ്ങളുണ്ടായതല്ലാതെ മില്ല് തുറക്കാൻ കഴിഞ്ഞില്ല. രാജ്യത്ത് എൻടിസിക്കു കീഴിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് പാർവതി മില്ലും.
വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന 51 ജീവനക്കാരാണ് എല്ലാ ദിവസവും മില്ലിൽവന്ന് ഒപ്പുവച്ച് മടങ്ങുന്നത്. പ്രതിമാസം ശമ്പളം നൽകുന്നതിനായി  5.50ലക്ഷം രൂപ വേണം. കൂടാതെ വൈദ്യുതി ചാർജടക്കമുള്ള മറ്റു ചെലവുകൾ വേറെയും. ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നിലവിലുണ്ട്. കുറേപ്പേർ അത് പ്രയോജനപ്പെടുത്തി പിരിഞ്ഞു. ശേഷിച്ചവരിൽ വിരമിക്കുന്നതിന‌് അനുസരിച്ച് എണ്ണം കുറഞ്ഞാണ് നിലവിലെ 50ൽ എത്തിയത്. ഇനി ഏതാനും വർഷം മാത്രം സർവീസ് കാലാവധി ശേഷിക്കുന്നവരാണ് അധികവും. ജീവനക്കാർ പിരിഞ്ഞുപോകാൻ കാത്തുനിൽക്കുകയാണ് എൻടിസി. മാസം 26 ദിവസവും ജോലിക്ക് എത്തുന്നവർക്ക് 12,000 രൂപയാണ് കിട്ടുന്നത്. ഡിഎ അല്ലാതെ 2008നു ശേഷം ശമ്പളം വർധിപ്പിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മില്ല‌് പ്രവർത്തിക്കാൻ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ഒരുക്കാൻ കഴിയുമെങ്കിലും ബോധപൂർവം വ്യവസായത്തെ തകർക്കുകയാണെന്നും ആക്ഷേപം ഉണ്ട്.
പ്രധാന വാർത്തകൾ
Top