20 November Tuesday

അതിജീവനത്തിന‌് പദ്ധതികളുമായി മുനിസിപ്പാലിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

പുനലൂർ

വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവർക്ക‌് സാംക്രമിക രോഗങ്ങളും പകർച്ചപ്പനിയും ഉൾപ്പെടെ പിടിപെടാതിരിക്കാൻ മുൻകരുതലുമായി  മുനിസിപ്പാലിറ്റി രംഗത്ത‌്.  
ചെയർമാൻ എം എ രാജഗോപാലിന്റെ നേതൃത്വത്തിൽ  വിവിധ വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും ആശാ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകരുടെയും മുനിസിപ്പൽ ജീവനക്കാരുടെയും യോഗം ചേർന്നു. ബുധനാഴ്ച എല്ലാ വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ സാനിറ്റേഷൻ കമ്മിറ്റി ചേരും. 
ബുധനും വ്യാഴവും  എല്ലാ കിണറുകളും സൂപ്പർ ക്ലോറിനേറ്റ് ചെയ്യും. കല്ലടയാറ്റിൽനിന്നും സമീപ തോടുകളിൽനിന്നും വെള്ളപ്പൊക്കത്തെതുടർന്ന് മലിനമായ കിണറുകൾ ഏതെല്ലാമെന്നു കണ്ടെത്തി മുനിസിപ്പാലിറ്റി നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ‌് കിണർ ഇറച്ച് ഉപയോഗയോഗ്യമാക്കും. അടിഞ്ഞുകൂടിയ അജൈവമാലിന്യങ്ങൾ  പ്ലാച്ചേരിയിലെ അജൈവ കലക‌്ഷൻ സെന്ററിലേക്ക് ഗ്രീൻ വളന്റിയർമാരുടെ സഹായത്താൽ നീക്കം ചെയ്യും. എല്ലാ വാർഡിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും.  ലഘുലേഖകൾ വിതരണം ചെയ്യും. അവധി ദിനങ്ങളിലും ആരോഗ്യ, ആശാ പ്രവർത്തകർ ഉൾപ്പെടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. എലിപ്പനി, ഡങ്കിപ്പനി എന്നിവ പടരാനുള്ള സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കണം. പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകും. 
വെള്ളക്കെട്ടുകൾ ഒഴിവാക്കണം. കൊതുകുകൾ പെരുകാതിരിക്കാൻ കൂത്താടികളെ ഉറവിടത്തിൽ  നശിപ്പിക്കണം, ഡ്രൈ ഹോമുകളായി വീടും പരിസരവും വൃത്തിയാക്കണം, തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ എന്ന് യോഗത്തിൽ താലൂക്കാശുപത്രി സൂപ്രണ്ട്  ഷാഹിർഷ പറഞ്ഞു. വൈസ് ചെയർപേഴ്സൻ കെ പ്രഭ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top