24 September Monday

ആവേശപ്പെരുമഴ

സ്വന്തം ലേഖകൻUpdated: Friday Jun 22, 2018
കൊല്ലം
മഴക്കാറും പുതുമനസ്സുകളും തമ്മിലുള്ള മത്സരത്തിൽ വിജയം പുതുതലമുറയ്ക്ക്. കനത്ത മഴയുടെ സൂചന വ്യാഴാഴ്ച രാവിലെ മുതൽ ദൃശ്യമായിരുന്നതിനാൽ തെല്ല് ആശങ്കയിലായിരുന്നു എസ്എഫ്ഐ സമ്മേളനത്തിൽ പ്രകടനം നിശ്ചയിച്ച സംഘാടകർ. രാവിലെ ഇടയ്ക്കിടെ മഴ സാന്നിധ്യം അറിയിക്കുകയും ചെയ്തു.  ഇരുണ്ടുമൂടിയ ആകാശദൃശ്യം  പ്രകടനത്തിന് വിഘാതമാകുമോ എന്ന ആശങ്കകൾക്ക്  വിരാമമിട്ട് ജില്ലയുടെ വിവിധ മേഖലകളിൽനിന്ന‌് നിശ്ചയിച്ച സമയത്തിലും നേരത്തെ വിദ്യാർഥികൾ കൂട്ടത്തോടെ ചിന്നക്കടയിലെത്തി. പ്രത്യേക വാഹനത്തിലും സ്വകാര്യബസുകളിലും നൂറുകണക്കിന് വിദ്യാർഥികൾ എത്തിക്കൊണ്ടിരുന്നു.  വിദ്യാർഥിനികളുടെ വൻപങ്കാളിത്തം  ഏറെ ശ്രദ്ധിക്കപ്പെട്ടു. 
മഴക്കാറുകളുടെ   മേലാപ്പ് ആർത്തിരമ്പിയെത്തിയ പുതുതലമുറയുടെ ആവേശത്തെ ഒട്ടും തളർത്തിയില്ല. ശുഭ്രവസ്ത്രധാരികൾക്കൊപ്പം ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച ചിലരും ചേർന്നു.  നക്ഷത്രാങ്കിത ശുഭ്രപതാക നഗരമധ്യത്തിലെങ്ങും നിറഞ്ഞു.   ചാറ്റൽ മഴയ‌്ക്കൊപ്പം  പ്രകടനം 
ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ് ഒരു ഭാഗത്ത് നടന്നു. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ എക്സ് ഏണസ്റ്റ‌്, പി എ എബ്രഹാം, എസ് ജയമോഹൻ, പി ആർ വസന്തൻ, ജോർജ്മാത്യു, ബി തുളസീധരക്കുറുപ്പ്, കൊല്ലം 
ഏരിയ സെക്രട്ടറി എ എം ഇക്ബാൽ  എന്നിവർ പ്രകടനം ചിട്ടയോടെയും സമയബന്ധിതമായും   ആരംഭിക്കുന്നതിന്  ചുക്കാൻ  പിടിച്ചു. 
പകൽ 12ന് പ്രകടനം ആരംഭിക്കുമ്പോൾ മഴ ഉണ്ടായിരുന്നില്ല. പ്രകടനത്തിന്റെ മുൻനിര പൊതുസമ്മേളനനഗരിയായ  ക്യൂഎസി മൈതാനിയിൽ എത്തിയശേഷം മഴ തിമിർത്ത് പെയ്തു. 
എന്നാൽ,  പിന്നാലെ വന്ന വിദ്യാർഥികൾ ചുവടുതെറ്റാതെ മുദ്രാവാക്യം വിളിച്ച് മുന്നോട്ടുനീങ്ങി.  വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്ന  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കൗമാര‐ യുവമനസ്സുകൾ മുദ്രാവാക്യങ്ങളുടെ  അഗ്നിപടർത്തി. ഉന്നത വിദ്യാഭ്യാസരംഗത്തെ മികവും  കലാലയമനസ്സുകളുടെ നന്മയും കാത്തുസൂക്ഷിക്കുമെന്ന് പൊരുതുന്ന വിദ്യാർഥിപ്രസ്ഥാനത്തിന്റെ പ്രതിനിധികൾ പ്രഖ്യാപിച്ചു. കലാരൂപങ്ങളും ബാൻഡ‌് മേളവും പ്രകടനത്തിന് കൊഴുപ്പു കൂട്ടി. 
എസ്എഫ്ഐ പ്രസിഡന്റ്് വിപി സാനു, ജനറൽ സെക്രട്ടറി വിക്രംസിങ‌്, കേന്ദ്രസെക്രട്ടറിയറ്റ‌്അംഗം ഖദീജത് സുഹൈല, എം വിജിൻ, ലിന്റോ ജോസഫ്, പ്രതിൻ സാജ്കൃഷ്ണ, എസ് ആർ ആര്യ, അദീന സതീഷ്,  സംസ്ഥാനനേതാക്കളായ ശ്യാംപ്രസാദ്, റോഷൻരാജ്, സജിത് സി 
ആനന്ദ് എന്നിവർ  പ്രകടനത്തിന് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top