Top
20
Sunday, August 2017
About UsE-Paper

പ്രതിക്കെതിരെ ശകാരവര്‍ഷം; കൈയേറ്റ ശ്രമം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
വിക്ടറിനെ കോടതിയില്‍ ഹാജരാക്കുന്നത് കാണാനെത്തിയ ജനക്കൂട്ടം

കുണ്ടറ > നാന്തിരിക്കലില്‍ പത്തുവയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ശേഷം ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുത്തു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെയാണ് (ഞണ്ട് വിജയന്‍-62) തിങ്കളാഴ്ച രാവിലെ 9.30ന് വന്‍ പൊലീസ് സന്നാഹത്തോടെ നാന്തിരിക്കലിലെ വീട്ടിലെത്തിച്ചത്.
വിക്ടറിനെ ആദ്യം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കുടുംബവീട്ടിലാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവരുന്നത് അറിഞ്ഞ് വീടിന് ചുറ്റും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. കൊട്ടാരക്കര റൂറല്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ വലയംതീര്‍ത്താണ് പ്രതിയെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തമുറിക്കുള്ളില്‍ മുത്തച്ഛനായ വിക്ടറിനെ കൊണ്ടുവന്നു തെളിവെടുത്തു. രണ്ടാം നിലയിലെ മുറിയിലേക്ക് കയറും വഴിയിലെ ഇടനാഴിയിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. പിടിവലിക്കിടയില്‍ ഇടനാഴിയിലെ നിലത്തും ഭിത്തിയില്‍ നിന്നുമാണ് കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളേറ്റതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടിലെ തെളിവെടുപ്പിന് ശേഷം പുറത്തേക്കിറക്കിയ വിക്ടറിനെ കയ്യേറ്റം ചെയ്യാന്‍ നാട്ടുകാര്‍ മുതിര്‍ന്നു. ഉന്തും തള്ളുമായി പ്രതിക്കരികിലേക്ക് പാഞ്ഞടുത്ത നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചു. പിന്നീട് പ്രതിയെ പൊലീസ് വാനില്‍ ഭാര്യയും മകനും താമസിക്കുന്ന സമീപത്തെ വീട്ടിലെത്തിച്ചു. അവിടെയും പ്രകോപിതരായ ജനക്കൂട്ടത്തിനിടയിലൂടെ പൊലീസ് ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചു.

വീടിനുള്ളിലുണ്ടായിരുന്ന മകന്‍ ഷാജിയുമായി സംസാരിക്കാനൊരുങ്ങിയ വിക്ടറിനെ പൊലീസ് പിന്തിരിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഏറെ സാഹസികമായാണ് പ്രതിയെ പുറത്തിറക്കി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് വൈകിട്ട് വിക്ടറിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. കോടതി പരിസരത്തും വന്‍ ജനകൂട്ടമാണ് എത്തിയത്.