16 November Friday

ആലപ്പുഴയിലെ പ്രളയബാധിതർക്ക് കൊല്ലത്ത് അഭയം

സ്വന്തം ലേഖകൻUpdated: Monday Aug 20, 2018
കൊല്ലം
ആലപ്പുഴ ജില്ലയിലെ പ്രളയബാധിതർക്ക് കൊല്ലത്ത് ജില്ലാ ഭരണകൂടം അഭയമൊരുക്കി. തങ്കശേരി ഇൻഫന്റ് ജീസസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് കാരിച്ചാൽ, ഹരിപ്പാട് പ്രദേശങ്ങളിലുള്ളവർ കഴിയുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 190 പേർ ക്യാമ്പിലുണ്ട്. പുരുഷന്മാർ 55 , സ്ത്രീകൾ 94,  ആൺകുട്ടികൾ 23, പെൺകുട്ടികൾ  15, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ളവർ  മൂന്ന് എന്നിവർ ഉൾപ്പെടും. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവർ കൊല്ലത്ത് എത്തിയത്. പ്രളയം ബാധിച്ച സമീപ ജില്ലകളെ കൈവെള്ളയിൽ കാക്കുമെന്ന ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനമാണ് ക്യാമ്പ് അംഗങ്ങളെ കൊല്ലത്ത് എത്തിച്ചത്. 
കാരിച്ചാൽ, ഹരിപ്പാട് ഭാഗങ്ങളിൽ കഴിഞ്ഞ 11ന് വെള്ളം കയറിയിരുന്നു. എന്നാൽ വർഷകാലത്തെ വെള്ളം കയറ്റമാണെന്നു കരുതി പലരും വീടുകളിൽ തന്നെ കഴിച്ചുകൂട്ടി.  12ന് ക്രമാതീതമായി വെള്ളം വീണ്ടും കയറിയതോടെയാണ് എല്ലാവരും കൈയ്യിൽ കിട്ടിയവ കൊണ്ട് കാരിച്ചാലിലെ ക്യാമ്പിൽ എത്തിയത്. മഴ ശക്തമായതോടെ ക്യാമ്പിലും വെള്ളം കയറി. തുടർന്ന്  ജില്ലാ ഭരണകൂടം കൊല്ലത്ത് എത്തിക്കുകയായിരുന്നു.  
എല്ലാം നഷ്ടപ്പെട്ടതിന്റെയും ഒരാഴ്ചയായി വീടുവിട്ടതിന്റെ  ദൈന്യതയും വിഷമതകളും എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. സർക്കാരിൽ ഞങ്ങൾക്കു വിശ്വാസമുളളതുകൊണ്ടാണ് ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് ഞങ്ങൾ കൊല്ലത്ത് എത്തിയത്. ആഹാരം, വസ്ത്രം, ചെരുപ്പ് തുടങ്ങി എല്ലാം ഞങ്ങൾക്ക് കിട്ടി. സമ്പാദ്യവും വീടും നഷ്ടമായ വേദന മാത്രമാണുള്ളത് ക്യാമ്പ് അംഗങ്ങൾ പറയുന്നു. ദുരന്തത്തിൽ വീണ് നട്ടെല്ലിനു പരിക്കേറ്റ കാരിച്ചാൽ സ്വദേശിനി കുഞ്ഞൂഞ്ഞമ്മ (76)ക്ക് ഞായറാഴ്ച   ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
 ഡിഎംഒ യുടെ നേതൃത്വത്തിൽ അംഗങ്ങളെ വൈദ്യ പരിശോധന നടത്തി.   24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീം ക്യാമ്പിലുണ്ട്.  വനിതാ പൊലീസ് അടങ്ങുന്ന എയിഡ് പോസ്റ്റും സ്‌കൂളിലെ അധ്യാപകരും മറ്റു ജീവനക്കാർ അടങ്ങുന്ന ഹെൽപ്പ് ഡസ്‌ക്കും പ്രവർത്തിക്കുന്നു.  വിവിധ സംഘടനകൾ ക്യാമ്പിലേക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി. ചൊവ്വാഴ്ച വരെയുള്ള ആഹാരവും മറ്റു സൗകര്യങ്ങളും ക്രമപ്പെടുത്തിയതായി ക്യാമ്പിനു ചുമതലയുള്ള കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ ശ്രീകുമാർ ദേശാഭിമാനിയോടു പറഞ്ഞു..
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top