19 November Monday

അഭിമന്യു സ‌്മരണയിൽ വർഗീയതയ‌്ക്കെതിരെ എസ്എഫ്ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
കൊല്ലം
നാടിനെ നടുക്കിയ എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തിയും എസ്എഫ്ഐ ചിന്നക്കടയിൽ സംഘടിപ്പിച്ച 24 മണിക്കൂർ ധർണ ആവേശോജ്വലമായി തുടരുന്നു. വ്യാഴാഴ്ച രാവിലെ ധർണ സമാപിക്കും. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ 
നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച ധർണ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം
ചെയ്തു. 
“വിത്തുവിതച്ചതും വേള പറിച്ചതും ഞാനേ കീഴാളൻ... കന്നിമണ്ണിന്റെ ചേലാളൻ’... എന്ന തന്റെ കീഴാളൻ കവിതചൊല്ലിയാണ് കുരീപ്പുഴ ഉദ്ഘാടനം നിർവഹിച്ചത്. അഭിമന്യു എറണാകുളം മഹാരാജാസ് കോളേജിൽ ഉള്ളപ്പോൾ ഒരു പരിപാടിയിൽ പങ്കെടുത്തും കുരീപ്പുഴ ഈ കവിത ചൊല്ലിയിരുന്നു. അക്കാര്യം അദ്ദേഹം പ്രസംഗത്തിൽ സ്മരിക്കുകയും ചെയ്തു.
അത്യന്തം ആവേശം ജ്വലിച്ച പ്രതിഷേധ വേദിയായിരുന്നു എസ്എഫ്ഐ ധർണാകേന്ദ്രം. വർഗീയതയ്ക്കെതിരെ ജില്ലയുടെ വിവിധ ഏരിയകളിൽനിന്നെത്തിയ വിദ്യാർഥി സമൂഹത്തോടൊപ്പം അണിചേരാനും അഭിവാദ്യം അർപ്പിക്കാനും വിവിധ വർഗ ബഹുജന സംഘടനാ പ്രവർത്തകരും സഹകാരികളും എത്തിയിരുന്നു. “ബലികുടീര വാതിൽതുറന്ന് പ്രിയ സഖാവ് വിളിക്കുന്നു... “പ്രിയ സഖാവെ അഭിമന്യു, നീ വിളിച്ച മുദ്രാവാക്യം ഞങ്ങളീമണ്ണിൽ ശാശ്വതമാക്കും. ഞങ്ങടെ കണ്ണീർ കണ്ണീരല്ല, അഭിമന്യു ഞങ്ങടെ മനസ്സിൽ തീജ്വാല, ഈ നാടിൻ തീജ്വാല... തുടങ്ങിയ മുദ്രാവാക്യങ്ങൾ ജനമനസ്സുകളിൽ ഇടംനേടി. കക്ഷിരാഷ്ട്രീയത്തിനപ്പുറം ബഹുജനങ്ങളാകെ പിന്തുണയർപ്പിച്ച പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.  
അഭിമന്യുവിന്റെ ജീവൻ അപഹരിച്ച എസ്ഡിപിഐക്കാരെയും മറ്റ് വർഗീയ സംഘടനകളെയും തുറന്നുകാട്ടുന്നതായി പ്രതിഷേധ ധർണ. 
യോഗത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ അധ്യക്ഷനായി. സെക്രട്ടറി ആദർശ് എം സജി സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ  പ്രസിഡന്റ് എസ് ആർ അരുൺബാബു, സെക്രട്ടറി ആർ ബിജു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ‌്അംഗം എസ് സുശീല, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടൻ, അലക്സ് (ഡിബിഇഎഫ്), എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് ആർ ആര്യ തുടങ്ങിയവർ സംസാരിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എക്സ് ഏണസ്റ്റ‌്, പി എ എബ്രഹാം, കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക്ബാൽ തുടങ്ങിയ നേതാക്കൾ വിദ്യാർഥികളുടെ സഹനസമരത്തിന് സഹായമേകാനെത്തി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഥിൻ, ലോയ്ഡ്, ജയേഷ്, അഞ‌്ജു, പവിത്ര തുടങ്ങിയവർ നേതൃത്വം നൽകുന്നു.
പ്രധാന വാർത്തകൾ
Top