25 June Monday

ചക്കയ്ക്കൊപ്പം ഷാജി പകരുന്നത് ജീവിതമധുരം

ബി ആര്‍ ശ്രീകുമാര്‍Updated: Tuesday Jul 18, 2017

ചക്കയ്ക്കൊപ്പം ഷാജി പകരുന്നത് ജീവിതമധുരം

കൊല്ലം > തേന്‍വരിക്കമുതല്‍ നാടന്‍ കൂഴച്ചക്ക വരെ പാചകം ചെയ്യാന്‍ പരുവത്തില്‍ കവറിലാക്കി വില്‍ക്കുന്ന യുവകര്‍ഷകന്‍ ശ്രദ്ധേയനാകുന്നു. പെരിനാട് ചോനംചിറ ഷാജിഭവനില്‍ എം ഷാജിയാണ് ചക്കകച്ചവടത്തിന് പുതിയ രീതി ആരംഭിച്ചത്. ഈ വരുമാനത്തിലാണ് ഷാജി കുടുബം പുലര്‍ത്തുന്നതും. പുലര്‍ച്ചെ  അഞ്ചിന് വീട്ടില്‍ നിന്നിറങ്ങി ഇദ്ദേഹം ചക്കകള്‍ ശേഖരിക്കും. കര്‍ഷര്‍ക്ക് നല്ല വില നല്‍കിയാണ് ചക്ക വാങ്ങുന്നത്. എട്ടുമണിയോടെ വീട്ടില്‍ എത്തിക്കുന്ന ചക്കകള്‍ വെട്ടി ചുളകളാക്കും. ഒന്നരകിലോ വീതം ഹരിതചട്ടപ്രകാരമുള്ള കവറുകളിലാക്കി കലക്ടറേറ്റിന്റെ പടിഞ്ഞാറെ കവാടത്തിനു സമീപം മരച്ചുവട്ടിലെത്തും. ഷാജിയുടെ ഇരുചക്രവാഹനം എത്തുന്നതും കാത്ത് അതിനകം നീണ്ട നിര തന്നെ ആകും. ഒന്നരകിലോ മുപ്പത് രുപയ്ക്കാണ് നല്‍കുന്നത്. കൂടാതെ സ്വാദിഷ്ടമായ ചക്കക്കറിക്ക് കടുക് വറുക്കാന്‍ നാടന്‍ കറിവേപ്പില ഷാജിയുടെ വക സൌജന്യം. പകല്‍ മൂന്നിന് മുമ്പ് കച്ചവടം പൂര്‍ത്തിയാകും. ശരാശരി അമ്പതു മുതല്‍ അറുപത് കിലോ വരെ ദിനംപ്രതി കച്ചവടം നടക്കും.
ചക്കക്കച്ചവടം മാത്രമായി ഒതുങ്ങുകയല്ല ഷാജി, ചക്കയുടെ ഗുണങ്ങളും ഔഷധമൂല്യങ്ങളും അക്കമിട്ട് നിരത്തുന്നു. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നായി ചക്ക ഉപയോഗിക്കാം. കൂടാതെ ഏതുപ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിഷരഹിത ഭക്ഷ്യവസ്തുവാണ് ചക്കയെന്നും  ഷാജി പറയുന്നു. ചക്ക സൂക്ഷിക്കുന്നതിനുള്ള ചില രഹസ്യങ്ങളും അടിസ്ഥാന തത്വങ്ങളും ഷാജിക്കറിയാം. വെട്ടിയിടുന്ന ചക്ക എട്ടുമണിക്കൂര്‍ മാത്രമാണ് കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുക. സൌജന്യമായി വെട്ടിയിടുന്ന ചക്ക എടുക്കാറില്ല. ഇത് വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് യുവകര്‍ഷകന്‍ പറയുന്നത്.
 
 ചക്കയുടെ വിവിധ ഇനങ്ങളായ ചെമ്പരത്തി, വെള്ളക്കൂഴ, മഞ്ഞക്കൂഴ, തേന്‍വരിക്ക തുടങ്ങിയ നിരാവധി ഇനങ്ങളാണ് ഒരോദിവസവും വിപണിയില്‍ എത്തിക്കുന്നത്. രണ്ടു മാസത്തേക്കുള്ള ചക്കകള്‍ കച്ചവടത്തിനായി എടുത്തിട്ടുണ്ട്. നാടന്‍ പച്ചക്കറി കച്ചവടവും ഇതിനോടൊപ്പമുണ്ട്. ചക്ക വാങ്ങാന്‍ എത്തുന്നവര്‍ എറെയും ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ്. പഴുത്ത ചക്ക വേണ്ടവര്‍ക്ക് അതും എത്തിച്ചു കൊടുക്കാറുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ചക്കശേഖരിക്കുന്നത്. തമിഴ്നാട്ടിലേക്ക് ചക്ക കൊണ്ടുപോകുന്ന കച്ചവടക്കാരെക്കാളും മൂന്നിരട്ടി വില നല്‍കിയാണ് ഷാജി ചക്ക വാങ്ങുന്നത്. കര്‍ഷകനായ ഷാജിയ്ക്ക് മറ്റു നാടന്‍ കൃഷിയും ഉണ്ട്. വരും വര്‍ഷങ്ങളില്‍ സമീപ ജില്ലകളിലേക്കും ചക്കവ്യാപാരം വ്യാപിപ്പിക്കാനാണ് ഷാജിയുടെ തീരുമാനം. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top